മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്രയിലെ ജനം ആർക്കൊപ്പം എന്ന ചോദ്യം നാല് പ്രമുഖരുടെ ഉള്ളിൽ തീകോരിയിടുന്നു. എൻ.സി.പി സ്ഥാപകൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ എന്നിവർക്ക് ഈ തെരഞ്ഞെടുപ്പ് മുമ്പത്തേപോലെയല്ല. ഇവരുടെ രാഷ്ട്രീയ നിലനിൽപ് ജനങ്ങളുടെ കൈകളിലാണ്.
ബി.ജെ.പിയാണ് നാലുപേരെയും ഒരേപോലെ കെണിയിലാക്കിയത്. എൻ.സി.പി, ശിവസേന പാർട്ടികളെ പിളർത്തിയും വിമതന്മാർക്ക് ഔദ്യോഗിക പേരും ചിഹ്നവും നൽകിയും കൈവിട്ട രാഷ്ട്രീയക്കളിയാണ് ഇത്തവണ മഹാരാഷ്ട്രയിൽ അരങ്ങേറിയത്. ഇരുപാർട്ടികളിലെയും എം.പി, എം.എൽ.എമാരിൽ ഭൂരിപക്ഷവും ഏക്നാഥ് ഷിൻഡെക്കും അജിത് പവാറിനും ഒപ്പമാണ്. എന്നാൽ, അണികളുടെ കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. അതേസമയം, ഉദ്ധവ് താക്കറെക്കും ശരദ് പവാറിനും ചെല്ലുന്നയിടങ്ങളിൽ വൈകാരികമായ വരവേൽപ്പും പിന്തുണയും പ്രകടമാണ്. 22 സീറ്റുകളിൽ മത്സരിക്കുന്ന ഉദ്ധവ് പക്ഷത്തിന് കുറഞ്ഞത് 10ഓളം സീറ്റുകളിലും 10 സീറ്റുകളിൽ മത്സരിക്കുന്ന എൻ.സി.പിക്ക് പകുതിയോളവും ജയം അനിവാര്യമാണ്. ഇല്ലെങ്കിൽ അണികളുടെ കൊഴിഞ്ഞുപോക്കുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
നിയമസഭ തെരഞ്ഞെടുപ്പും അടുത്തുവരുകയാണ്. എന്നാൽ, മഹാ വികാസ് അഘാഡിയുടെ ഭാഗമാണെങ്കിലും ഉദ്ധവും പവാറും നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ)യാണ്. വി.ബി.എ ഒറ്റക്ക് മത്സരിക്കുന്നതിനാൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ത്രികോണ മത്സരം എം.വി.എക്ക് പ്രതികൂലമാകും. കോൺഗ്രസുമായുള്ള സീറ്റുതർക്കവും പ്രധാന പ്രതികൂല ഘടകമാണ്. ശരദ് പവാറിന് ബരാമതി മണ്ഡലത്തിൽ മകൾ സുപ്രിയ സുലെയുടെ വിജയവും അനിവാര്യമാണ്. സിറ്റിങ് എം.പിയായ സുപ്രിയയുടെ എതിരാളി അജിത് പവാറിന്റെ ഭാര്യ സുനേത്രയാണ് എന്നത് ആശങ്ക കൂട്ടുന്നു. സുപ്രിയ വീണാൽ പവാറിന്റെ രാഷ്ട്രീയ ഭാവി തീരുമെന്നാണ് കണക്കുകൂട്ടൽ. ബി.ജെ.പിയുടെ നിർബന്ധങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ട അവസ്ഥയാണ് മറുപക്ഷത്ത് ഷിൻഡെക്കും അജിത്തിനുമുള്ളത്. സിറ്റിങ് എം.പിമാരിൽ നാലോളം പേരെ ഒഴിവാക്കേണ്ടിയും സീറ്റുകൾ വിട്ടുകൊടുക്കേണ്ടിയും വന്നു ഷിൻഡെ പക്ഷത്തിന്. ഇത് പാർട്ടിക്കകത്ത് കടുത്ത എതിർപ്പുകൾക്ക് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.