ശ്രീനഗർ: കശ്മീർ താഴ്വരയിൽ സൈന്യവും മറ്റു സുരക്ഷസേനകളും ചേർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനിടെ രണ്ടിടത്തായി അഞ്ചു ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം 12 പേർക്ക് പരിക്കേറ്റു. ജമ്മു -കശ്മീരിലെ റീസി ജില്ലയിലെ കക്രിയാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരും ബാരാമുല്ല ജില്ലയിലെ സോപോർ മേഖലയിൽ രണ്ട് പാക് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഇവരും ജയ്ശെ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ളവരാണത്രേ.
കക്രിയാൽ മേഖലയിൽ സൈന്യം, കശ്മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് 18നും 22നും ഇടയിൽ പ്രായമുള്ള മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചത്. ഡ്രോൺ, ഹെലികോപ്ടർ എന്നിവയുടെ സഹായത്തോടെയാണ് സുരക്ഷസേന ഭീകരരുടെ താവളം വളഞ്ഞത്. ഏറ്റുമുട്ടലിൽ ഡി.എസ്.പി മോഹൻ ലാലിന് പുറമെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും ആറ് സി.ആർ.പി.എഫ് ഭടന്മാർക്കും ഒരു സൈനികനും പരിക്കേറ്റു. ഇവരെ കത്രയിലെ നാരായണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ദയാലചൗക്ക് ഭാഗത്തെ അന്താരാഷ്ട്ര നിയന്ത്രണ രേഖ കടന്നെത്തിയവരെയാണ് വധിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിവരെ ഏറ്റുമുട്ടൽ തുടർന്നു. ബുധനാഴ്ച ജമ്മു -ശ്രീനഗർ ദേശീയപാതയിൽ സുരക്ഷ സൈന്യത്തിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ജജ്ജർ-കോട്ലി വനാതിർത്തിയിൽ വിവിധ സേനകൾ ചേർന്ന് സംയുക്ത തിരച്ചിൽ നടത്തിയത്. ഇതിനിടെ അതിർത്തി ഗ്രാമത്തിലെ ഒരു വീട്ടിലെത്തിയ ഭീകരർ വീട്ടുകാരെ ഭീഷണിപ്പെടുത്തി വസ്ത്രവും ഭക്ഷണവും കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ച് പ്രദേശത്ത് ഭീകരർക്കു വേണ്ടി വ്യാപകമായ തിരച്ചിൽ നടക്കുകയാണ്.
മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുകയും ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുമുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് സോപോർ മേഖലയിലെ ചിങ്കിപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് പാക് ഭീകരർ കൊല്ലപ്പെട്ടത്. പാക് പൗരന്മാരായ അലി എന്ന അത്തർ, സിയാഉർറഹ്മാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ അലി നേരത്തേ ജയ്ശെ മുഹമ്മദ് കമാൻഡറായിരുന്നു. കഴിഞ്ഞ ജനുവരി ആറിന് നാലു പൊലീസുകാർ കൊല്ലപ്പെടാനിടയായ സ്ഫോടനത്തിന് പിറകിലെ ബുദ്ധികേന്ദ്രമാണ് അലി.
മുൻകരുതലിെൻറ ഭാഗമായി ഗ്രാമീണരെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച ശേഷമായിരുന്നു ഏറ്റുമുട്ടൽ. ഒളിഞ്ഞിരുന്ന ഭീകരർ സൈന്യത്തിനു നേരെ നിറയൊഴിച്ചെങ്കിലും സൈന്യം നടത്തിയ തിരച്ചിലിനിടയിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇവരിൽനിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.