ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ ബി.ജെ.പി പ്രസിഡന്‍റ് ജെ.പി നദ്ദയെ തിരിച്ചടിച്ച് കോൺഗ്രസ്. നദ്ദയുടെ കത്ത് അപക്വവും കഴമ്പില്ലാത്തതെന്നുമെന്ന് വിമർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് രാഹുൽ ഗാന്ധിയുടെ ജീവന് നേരെയുള്ള ഗുരുതരമായ ഭീഷണികളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ലജ്ജാകരമായ ശ്രമമാണിതെന്നും പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന ഭീഷണിയെ ലോകമൊന്നടങ്കം ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.
‘നിസ്സാര രാഷ്ട്രീയത്തിനതീതമായി ഉയരാനും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളുടെ നടപടികൾ അപലപിക്കാനും മറ്റുള്ളവർക്ക് മാതൃകയാകാൻ ശക്തമായ നടപടി സ്വീകരിക്കാനും ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. പ്രതിപക്ഷ നേതാവിനുനേരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഈ ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്ക് അദ്ദേഹത്തിന്റെ മൗനം ധൈര്യം പകരുകയാണ്. ഇന്ത്യ ഭരിക്കുന്ന പാർട്ടി എങ്ങനെയാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്’. എന്നായിരുന്നു രമേശിന്റെ മറുപടി.
കോൺഗ്രസ്-ബി.ജെ.പി അധ്യക്ഷൻമാർ തമ്മിലുള്ള കത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുപിടിക്കുകയാണ്. ഭരണകക്ഷി അംഗങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന മോശം പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സഹമന്ത്രി നവ്‌നീത് സിങ് ബിട്ടു രാഹുലിനെ ‘ഒന്നാം നമ്പർ തീവ്രവാദി’ എന്ന് വിശേഷിപ്പിച്ചതടക്കമുള്ള കാര്യങ്ങൾ അതിൽ ഉന്നയിക്കുകയുണ്ടായി. യു.എസ് സന്ദർശന വേളയിൽ രാഹുൽ നടത്തിയ പ്രസ്താവനയുടെ ചുവടുപിടിച്ച് രാഹുൽ ഇന്ത്യാ വിരുദ്ധ ശക്തികൾക്കൊപ്പമാണെന്ന് ബിട്ടുവും മറ്റ് ബി.ജെ.പി നേതാക്കളും ആരോപിച്ചിരുന്നു.
അംഗരക്ഷകരാൽ കൊലചെയ്യപ്പെട്ട മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അതേ ഗതി തനിക്കും നേരിടേണ്ടിവരുമെന്ന് ഡൽഹി ബി.ജെ.പി നേതാവ് തർവീന്ദർ സിങ് മർവ രാഹുലിന് മുന്നറിയിപ്പ് നൽകി. രാഹുലിന്റെ നാവരിയുന്നവർക്ക് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്ക്വാദ് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ കത്തിൽ ഈ പ്രസ്താവനകൾ പരാമർശിച്ചുകൊണ്ട് നേതാക്കളെ അച്ചടക്കം പാലിക്കാൻ നിർദേശിക്കണമെന്ന് ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദിയെയും മറ്റ് പിന്നോക്ക വിഭാഗങ്ങളെയും രാഹുൽ ചൂഷണം ചെയ്യുകയാണെന്നും ഇന്ത്യാ വിരുദ്ധ ശക്തികൾക്കൊപ്പം നിലകൊണ്ട ചരിത്രമാണ് രഹുലിനുള്ളതെന്നും ആരോപിച്ച് ബി.ജെ.പി അധ്യക്ഷൻ ഖാർഗെക്ക് മറുപടിക്കത്തയച്ചു. ഇതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷനുള്ള ജയറാം രമേശിന്റെ കത്തുമായി കോൺഗ്രസ് പ്രതികരിച്ചത്.
‘ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളുടെ നിലവാരത്തകർച്ചക്ക് ബി.ജെ.പി മാത്രമാണ് ഉത്തരവാദിയാണെന്ന്’ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ‘എക്‌സിൽ’ പോസ്റ്റുമായി പ്രതകരിച്ചു. നദ്ദയുടെ കത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രിക്ക് സാധിക്കാത്തതിനാൽ രാഹുലിനെതിരായ ആക്രമണങ്ങൾക്ക് അദ്ദേഹത്തിന്റെ പൂർണ പിന്തുണയുണ്ടെന്നാണ് കാണിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.