ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്) കൂടുതൽ പങ്കാളിത്തമുറപ്പുവരുത്താൻ പരിഷ്കരണങ്ങളാരാഞ്ഞ് കേന്ദ്രം. നിലവിലെ ഉയർന്ന വേതന പരിധി 15,000 രൂപയിൽ നിന്ന് 21,000 ആക്കി ഉയർത്തിയേക്കുമെന്നാണ് സൂചനകൾ. 2014ലാണ് അവസാനമായി സർക്കാർ വേതന പരിധി 6,500ൽ നിന്ന് 15,000 ആയി പുതുക്കിയത്.
ഇതോടൊപ്പം തന്നെ പദ്ധതിയിൽ അംഗമാകുന്നതിനായി സ്ഥാപനങ്ങളിൽ വേണ്ട കുറഞ്ഞ ജീവനക്കാരുടെ എണ്ണം കുറക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നാണ് വിവരം. ഇ.പി.എഫ്.ഒയിൽ അംഗമാവുന്നതിന് ബന്ധപ്പെട്ട സ്ഥാപനത്തിൽ നിലവിലെ ചട്ടമനുസരിച്ച് കുറഞ്ഞത് 20 ജീവനക്കാരാണ് വേണ്ടത്. എന്നാൽ, 10 മുതൽ 15 വരെയായി ഇത് ചുരുക്കുന്നത് പദ്ധതിയിലെ പങ്കാളിത്തം വർധിപ്പിച്ചേക്കുമെന്ന് സർക്കാർ കരുതുന്നു. തൊഴിൽ മന്ത്രാലയം വിഷയത്തിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം ആരാഞ്ഞുവരുകയാണ്. തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ നടപടികൾ കാര്യക്ഷമമാക്കുന്നതിൽ നിർദേശം നൽകുന്നതിനായി രൂപവത്കരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ ശക്തമായ ശിപാർശകളെ തുടർന്നാണ് നടപടി.
20 ജീവനക്കാരെന്ന പരിധി കുറക്കുന്നതിൽ ചെറുകിട സ്ഥാപനങ്ങൾക്ക് വിയോജിപ്പുണ്ട്. ഇ.പി.എഫ്.ഒക്കുകീഴിൽ ജീവനക്കാരനും തൊഴിലുടമയും ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് നൽകേണ്ടത്. ജീവനക്കാരുടെ മുഴുവൻ വിഹിതവും പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ടിലേക്ക് (പി.എഫ്) പോകുന്നു. അതേസമയം തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം (പരമാവധി 1,250 രൂപ) എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കും (ഇ.പി.എസ്) ശേഷിക്കുന്ന 3.67ശതമാനം പ്രൊവിഡൻറ് ഫണ്ട് അക്കൗണ്ടിലേക്കുമാണ് നൽകുക.
നിലവിലെ പ്രൊവിഡന്റ് ഫണ്ട് നിയമമനുസരിച്ച് ഒരു ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ ഇ.പി.എഫ് പദ്ധതിയുടെ ഭാഗമായാലും അവർക്ക് ഇ.പി.എസ് സേവനത്തിനർഹതയില്ല.
വേതന പരിധി 21,000 രൂപയായി ഉയർത്തിയാൽ ഇ.പി.എഫ് പദ്ധതിയിൽ ചേരുന്ന കൂടുതൽ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാർക്ക് ഇ.പി.എസ് സേവനം ലഭ്യമാവും.
ഇ.പി.എസിൽ അംഗമായാൽ തൊഴിൽ ദാതാവിന്റെ വിഹിതം പെൻഷൻ പദ്ധതിയിലേക്കും കൂടി വകമാറ്റുന്നതിനാൽ വിരമിക്കുമ്പോൾ ലഭിക്കുന്ന ഇ.പി.എഫ് തുകയിൽ കുറവുണ്ടായേക്കാം. ഇ.പി.എഫ് വേതന പരിധിയിലെ വർധന ഇ.പി.എസ് വിഹിതത്തിലെ വർധനവിനും കാരണമാവുന്നതുകൊണ്ടാണിത്.
നിലവിലെ നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി 1,250 രൂപയാണ് ഇ.പി.എസ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാവുക. തൊഴിൽ ദാതാവിന്റെ വിഹിതം കണക്കാക്കുന്നത് ഉയർന്ന വേതന പരിധിയുടെ 8.33 ശതമാനമാണ്. എന്നാൽ, വേതന പരിധി 21,000 ആയി മാറുന്നതോടെ പരമാവധി ഇ.പി.എസ് വിഹിതം 1,749 രൂപയാവും. ഇത് വിരമിക്കുമ്പോൾ തൊഴിലാളിക്ക് ലഭിക്കുന്ന പെൻഷനിലും ഗണ്യമായ വർധനവിന് കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.