മുൻ ക്രിക്കറ്റ് താരം, രണ്ടുതവണ ഉപമുഖ്യമന്ത്രി, ഉയരക്കാരൻ നേതാവ്; തേജസ്സോടെ തേജസ്വി

മുൻ ക്രിക്കറ്റ് താരം, രണ്ട് തവണ ഉപമുഖ്യമന്ത്രി, ബീഹാറിലെ 'ഏറ്റവും' ഉയരമുള്ള നേതാവ്, ഇങ്ങിനെ വിശേഷണങ്ങൾ ഏറെയുണ്ട് തേജസ്വി യാദവ് എന്ന യുവ രാഷ്ട്രീയക്കാരന്. പക്ഷെ എല്ലാത്തിനും മീതേ ലാലു പ്രസാദ് യാദവിന്റെ മകൻ എന്നതുത​െന്നയാണ് തേജസ്വിയുടെ ഏറ്റവും വലിയ മേൽവിലാസം. രണ്ടാം തവണയും ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ രാജ്യത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദുവായും ഈ യുവാവ് മാറിയിട്ടുണ്ട്.

'ചില ആളുകൾ ചരിത്രത്തിന്റെ പഴകിയ താളുകളിൽ കുടുങ്ങിക്കിടക്കുന്നു. പക്ഷേ ഞങ്ങൾ ബീഹാറിന്റെ വർത്തമാനവും ഭാവിയും ശ്രദ്ധിക്കുന്നു' എന്ന തേജസ്വി യാദവിന്റെ വർത്തമാനത്തിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നിറഞ്ഞിരിക്കുന്നുണ്ട്. 2020-ൽ പറഞ്ഞ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) തലവൻ ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. 2020 നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. അന്ന് തിരഞ്ഞെടുപ്പിന്ന് ചുക്കാൻ പിടിച്ചതാകട്ടെ 30കാരനായ തേജസ്വിയും.

രാഷ്ട്രീയത്തിലേക്കുള്ള തേജസ്വിയുടെ പാത

1989 നവംബർ ഒമ്പതിന് - ലാലു പ്രസാദ് യാദവ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാകുന്നതിന് നാല് മാസം മുമ്പ്- ലാലുവിന്റെ ഒമ്പത് മക്കളിൽ ഇളയവനായാണ് തേജസ്വി യാദവ് ജനിച്ചത്. കുടുംബ പശ്ചാത്തലത്തിൽ രാഷ്ട്രീയം അലിഞ്ഞുചേർന്നിരു​െന്നങ്കിലും 2010 വര രാഷ്ട്രീയം തേജസ്വിയുടെ പരിഗണനയിൽ ഉണ്ടായിരുന്നില്ല.

ചെറുപ്പത്തിൽ ക്രിക്കറ്റ് താരം ആകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പത്താം ക്ലാസിൽ സ്‌കൂൾ പഠനം നിർത്തിയ തേജസ്വി, ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടർന്നുകൊണ്ടുപോയി. രഞ്ജി ട്രോഫി ടൂർണമെന്റിൽ ഡൽഹിയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിനായി അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ തുടർച്ചയായ പരിക്കുകളാണ് തേജസ്വിയുടെ കായിക ജീവിതം അവസാനിപ്പിച്ചത്.

2010ൽ പിതാവ് ലാലുവിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയാണ് തേജസ്വി രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചത്. അന്നാണ് ആദ്യമായി അദ്ദേഹം പൊതുവേദിയിൽ പ്രസംഗിക്കുന്നത്. ആ തെരഞ്ഞെടുപ്പിൽ 243 അംഗ നിയമസഭയിൽ 22 സീറ്റുകൾ മാത്രമാണ് ആർ.ജെ.ഡിക്ക് നേടാനായത്. അഞ്ച് വർഷത്തിന് ശേഷം, 26ാം വയസ്സിൽ രാഘോപൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചു. പിതാവ് ലാലുവും മാതാവ് റാബ്റി ദേവിയും മത്സരിച്ച് വിജയിച്ചിരുന്ന രാഘോപൂർ ആർ.ജെ.ഡിയുടെ ശക്തി കേന്ദ്രമായിരുന്നു.

'ബിജെപിക്ക് എന്റെ പിതാവ് ലാലുപ്രസാദ് യാദവിനെ എപ്പോഴും ഭയമായിരുന്നു. രാഷ്ട്രീയ നേതാവെന്ന നിലയിൽ എന്റെ വളർച്ച അവരെ പരിഭ്രാന്തരാക്കുന്നുണ്ടെന്ന് എനിക്കറിയാം'-തേജസ്വി ഒരിക്കൽ പറഞ്ഞു. 2019 ആയപ്പോഴേക്കും തേജസ്വി ആർ.ജെ.ഡിയുടെ മുഖ്യ നേതാവായി മാറിയിരുന്നു. ഒരു വർഷത്തിനുള്ളിൽ, അസാധാരണമായ രാഷ്ട്രീയ വളർച്ചയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി നേടിയത്. 2020 ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തോട് കടുത്ത പോരാട്ടമാണ് ആർ.ജെ.ഡി നടത്തിയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി അന്ന് പാർട്ടി ഉയർന്നിരുന്നു. സഖ്യത്തിന് 243ൽ ആർ.ജെ.ഡി 75 സീറ്റും നേടിയിരുന്നു.

ഉയരമുള്ള നേതാവാണ് തേജസ്വി യാദവ്. ക്രിക്കറ്റിൽ അ​ദ്ദേഹം ഫാസ്റ്റ് ബൗളറായിരുന്നു. ശക്തിയാർജിക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് കനത്ത പ്രഹരമാണ് തേജസ്വിയുടെ നേതൃത്വത്തിൽ ബിഹാറിൽ നൽകിയിരിക്കുന്നത്. രാജ്യം ചെയ്യേണ്ടത് ബിഹാർ ചെയ്തു എന്നാണ് തേജസ്വി പുതിയ രാഷ്ട്രീയ മാറ്റത്തെപ്പറ്റി പറയുന്നത്. അത് വലിയ പ്രതീക്ഷയാണ് രാജ്യത്തിന് നൽകുന്നതും.

Tags:    
News Summary - Ex-Cricketer, 2-Time Deputy CM, Bihar's Tallest Leader: Rise of Tejashwi Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.