മുൻ ഇന്ത്യന്‍ അംബാസഡർ മരിച്ചത്​ കോവിഡ്​ ചികിത്സ കിട്ടാതെ, ആശുപത്രിക്ക്​ വെളിയിൽ കാത്തുകിടന്നത്​ അഞ്ച്​ മണിക്കൂ‍‍ർ

ന്യൂഡൽഹി: ബ്രൂണെ, മൊസാംബിക്, അൽജീരിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന അശോക്​ അംറോഹി കോവിഡ്​ ബാധിച്ച്​ മരിച്ചത്​ ചികിത്സ ലഭിക്കാതെയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്​. ഈമാസം 27ന്​ രാത്രിയോടെയാണ്​ അശോക്​ അംറോഹി മരിക്കുന്നത്​. ആശുപത്രിക്കുമുന്നിൽ ചികിത്സയ്ക്കായി അഞ്ച് മണിക്കൂറോളം കാത്തുകിടന്നെന്നും കാറിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് അംറോഹി രോഗബാധിതനായത്. സ്ഥിതി ഗുരുതരമായതിനാല്‍ കിടക്ക ഒഴിവുണ്ടെന്നറിഞ്ഞ് 27ന്​ രാത്രി 7.30ഓടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി. എന്നാല്‍, കോവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞ് ഒന്നര മണിക്കൂറോളം പുറത്ത് നിര്‍ത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. നിരവധി തവണ കരഞ്ഞുപറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ഭാര്യ യാമിനി ആരോപിക്കുന്നു.

'ഈ സമയത്ത് കാറില്‍ അവശനിലയിലായ അദ്ദേഹത്തിന്​ ഇടയ്ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ മാസ്‌ക് ഊരേണ്ടി വന്നു. സംസാര ശേഷിക്കും തടസ്സമുണ്ടായി. അര്‍ധരാത്രിയോടെ ഹൃദയാഘാതമുണ്ടായി കാറിനുള്ളില്‍ തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. ഹൃദയമിടിപ്പ് കുറയുകയാണെന്ന് ഞാന്‍ അലറിക്കരഞ്ഞിരുന്നു. പക്ഷേ ആശുപ​ത്രിയിൽ നിന്ന്​ ആരും സഹായിച്ചില്ല. വീല്‍ചെയറോ സ്‌ട്രെച്ചറോ പോലും നൽകിയില്ല. ഇതിനു ശേഷം ഞാന്‍ ആശുപത്രിയില്‍ പോയി അവരോട് നിങ്ങള്‍ എല്ലാവരും കൊലപാതകികളാണെന്ന് പറഞ്ഞു' -യാമിനിയെ ഉദ്ദരിച്ച്​ 'ദി വയർ' റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യൻ സ്ഥാനപതിയായിരുന്ന വ്യക്തിക്ക് തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ചികിത്സ കിട്ടാതിരുന്ന വിഷയം ദേശീയ തലത്തിൽ വലിയ ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ്​ കുടുംബം. അശോക് അംറോഹിയുടെ മരണത്തിൽ നേരത്തേ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അനുശോചനം അറിയിച്ചിരുന്നു. എന്നാൽ, കുടുംബത്തിന്‍റെ ആരോപണം സംബന്ധിച്ച്​ ഇതുവരെ അ​ദ്ദേഹമോ മറ്റ്​ ഔദ്യോഗിക വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Ex diplomat Ashok Amrohi died outside hospital after five hour wait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.