ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന 'ദില്ലി ചലോ' മാർച്ച് രണ്ടാംദിനത്തിൽ. സംഘർഷഭരിതമായ സാഹചര്യത്തിൽ പൂർവാധികം ശക്തിയോടെ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം. ഇന്ന് മാർച്ചിൽ കൂടുതൽ കർഷകർ അണിനിരക്കും. മാസങ്ങളോളം സമരപാതയിൽ തുടരാനുള്ള മുന്നൊരുക്കവുമായാണ് കർഷകർ എത്തുന്നത്.
അതേസമയം, പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ മാർച്ചിൽ അണിനിരന്ന കർഷകർക്ക് നേരെ ബുധനാഴ്ച രാവിലെയും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി കർഷകർ ഒത്തുചേർന്നപ്പോഴായിരുന്നു കണ്ണീർവാതക പ്രയോഗം.
അതിർത്തികൾ കോൺക്രീറ്റ് വേലികൊണ്ട് കെട്ടിയടച്ചും ഡ്രോണിൽ കണ്ണീർവാതക ഷെൽ വർഷിച്ചുമൊക്കെ കർഷകരെ പിരിച്ചുവിടാൻ ഇന്നലെ പൊലീസ് ശ്രമിച്ചിരുന്നു. പൊലീസിനെ മറികടന്ന് ഡൽഹിയിലേക്ക് നീങ്ങുമെന്ന ഉറച്ച തീരുമാനത്തിലാണ് സമരക്കാർ. സംയുക്ത കിസാന്‍ മോര്‍ച്ച (നോൺ പൊളിറ്റിക്കൽ), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സംഘടനകളാണ് സമരനേതൃത്വത്തിൽ.
തിങ്കളാഴ്ച രാത്രി കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടന്നിരുന്നു. എന്നാൽ, ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് മാർച്ച് ആരംഭിച്ചത്. പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് കർഷകർ മാർച്ചിൽ അണിനിരക്കുകയാണ്. ട്രാക്ടറുകളിലും ട്രക്കുകളിലും ചെറുവാഹനങ്ങളിലുമായി കാൽ ലക്ഷത്തോളം കർഷകരാണ് ദീർഘകാല സമരത്തിന് സജ്ജമായി ഡൽഹി ലക്ഷ്യമാക്കി പുറപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പുറപ്പെട്ട കർഷകരെ ഹരിയാന പൊലീസ് ശംബു അതിർത്തിയിൽ തടഞ്ഞു. അതിർത്തിയിലെ പാലത്തിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കർഷകർ പാലത്തില്‍നിന്നു താഴേക്കെറിഞ്ഞു. ഇതോടെ ഡ്രോണുകൾ ഉപയോഗിച്ച് പൊലീസ് കർഷകരെ പിന്തുടർന്ന് കണ്ണീര് വാതകം പ്രയോഗിച്ചു. ചിതറിയോടിയ കര്‍ഷകര്‍, വീണ്ടും സംഘടിച്ചെത്തി പൊലീസ് ബാരിക്കേഡുകള്‍ എടുത്തു മാറ്റി. ഹരിയാനയിൽനിന്നുള്ള കര്‍ഷകരും ഇവിടേക്ക് എത്തിയതോടെ ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ തകർത്തു.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, രാജ്യവാപകമായി കാർഷിക, കർഷക തൊഴിലാളി കടം എഴുതിത്തള്ളുക, 2020ലെ സമരത്തിലെ കേസുകൾ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകൾക്ക് നീതി നൽകുക, ഇലക്ട്രിസിറ്റി ഭേദഗതി ബിൽ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറിൽനിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്റെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.