ഇന്ത്യയിൽ പടർന്നുപിടിക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ഗ്രെറ്റ തുൻബെർഗും മണിക്കൂറുകളുടെ ഇടവേളകളിൽ നൽകിയ ആഗോള ശ്രദ്ധ അതിവേഗം ഏറ്റെടുത്ത് ലോകം. ഇന്ത്യയിൽ ആഴ്ചകളായി അണയാതെ കത്തിയിട്ടും ഇതുവരെ ലോകം കാതോർക്കാതിരുന്ന പ്രക്ഷോഭം അതിവേഗം പുതിയ സമരമുഖങ്ങൾ തുറക്കുകയാണ്. കടുത്ത പ്രതിഷേധമറിയിച്ച് കാനഡ ഉൾപെടെ രാജ്യങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനൽകാത്ത ആവേശമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്.
കേന്ദ്രം പുതുതായി അംഗീകാരം നൽകിയ കാർഷിക നിയമങ്ങൾക്കെതിരെ സമരജ്വാല തീർത്ത് ഡൽഹിയിലും പരിസരങ്ങളിലും തമ്പടിച്ച പതിനായിരക്കണക്കിന് കർഷകരെ കുറിച്ച് എന്തുകൊണ്ടാണ് ഇനിയും മൗനം പാലിക്കുന്നതെന്നായിരുന്നു അമേരിക്കക്കാരിയായ പോപ് ഗായിക രിഹാനയുടെ സമൂഹ മാധ്യമ പ്രതികരണം. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന് സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റയും ട്വീറ്റ് ചെയ്തു. ഇരുവരെയും തള്ളി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പുമായി രംഗത്തെത്തിയെങ്കിലും ആഗോളതലത്തിൽ പ്രതിഷേധം പടരുകയാണ്.
യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ അടുത്ത ബന്ധുവും യു.എസ് അഭിഭാഷകയുമായ മീന ഹാരിസ് കടുത്ത ഭാഷയിലാണ് പ്രതിഷേധമറിയിച്ചത്. ഇന്‍റർനെറ്റ് മുടക്കിയും സൈനികരെ ഇറക്കി കർഷക സമരക്കാർക്കെതിരെ അതിക്രമം നടത്തിയും മുന്നോട്ടുപോകുന്നത് നമ്മെ രോഷാകുലരാക്കേണ്ടതുണ്ടെന്ന് മീന പ്രതികരിക്കുന്നു. ചൊവ്വാഴ്ച രിഹാന ട്വിറ്ററിൽ പരസ്യ പ്രതിഷേധവുമായി എത്തിയതോടെ അവരെ പിന്തുടരുന്ന 11 കോടിയോളം ആരാധകർ മാത്രമല്ല, മറ്റുള്ളവരും കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. മണിക്കൂറുകൾക്കിടെ ലക്ഷങ്ങളാണ് ട്വീറ്റിന് ലൈക് നൽകിയത്. ഒരു ലക്ഷത്തിലേറെ തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. ഡൽഹിയിലും ഹരിയാനയിലും സമരമുഖത്തുള്ള കിസാൻ ഏക്ത മോർച്ചയുടെ ട്വിറ്റർ ഹാൻഡ്ലും രിഹാനക്ക് നന്ദിയോതി രംഗത്തെത്തി.
ആഴ്ചകൾക്ക് മുമ്പുതന്നെ കാനഡ ഉൾപെടെ രാജ്യങ്ങൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാനഡയിലെ മോൺട്രിയാൽ, ടോറേന്റാ തുടങ്ങി മുൻനിര നഗരങ്ങളിൽ നടന്ന സമരങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തതും വാർത്തയായി. കാനഡയിൽ രണ്ടു ശതമാനത്തിൽ താഴെയാണ് സിഖ് ജനസംഖ്യയെങ്കിലും കുടിയേറ്റ സമൂഹങ്ങളിൽ സ്വാധീനവും ശക്തിയും ട്രൂഡോ മന്ത്രിസഭയിൽ വരെ പ്രകടമാണ്.
അമേരിക്കയിൽ കോൺഗ്രസ് വിദേശകാര്യ സമിതി അംഗം ജിം കോസ്റ്റയും കർഷക സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആഗോള തലത്തിൽ വ്യാപകമായി പ്രതിഷേധം മുഴങ്ങുേമ്പാഴും അവയെ അവഗണിച്ചും വിമർശിച്ചും മാറ്റിനിർത്താനാണ് കേന്ദ്ര സർക്കാർ ശ്രമം. ഇത്തരക്കാരുടെ പ്രതികരണങ്ങൾക്ക് കൃത്യതയോ ഉത്തരവാദിത്തമോ ഇല്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
'ചർച്ചകൾക്കും പ്രതിവാദങ്ങൾക്കും ശേഷമാണ് കാർഷിക മേഖലയെ പരിഷ്കരിക്കുന്ന നിയമങ്ങൾ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയത്. ഈ പരിഷ്കാരങ്ങൾ വിപുലമായ വിപണി സാധ്യതയും കർഷകർക്ക് കൂടുതൽ ഗുണവും നൽകുന്നു. സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിര കൃഷിക്ക് പുതിയ നിയമങ്ങൾ വഴിയൊരുക്കുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിലെ വളരെ ചെറിയ വിഭാഗം കർഷകർക്ക് ഈ പരിഷ്കാരങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ വികാരത്തെ മാനിച്ച് കേന്ദ്ര സർക്കാർ കർഷകരുടെ പ്രതിനിധികളുമായി നിരവധി ചർച്ചകൾക്ക് തുടക്കമിട്ടു. കർഷകരുമായി 11 തവണ ചർച്ച നടന്നിട്ടുണ്ട്. നിയമങ്ങൾ മരവിപ്പിക്കാമെന്ന് പോലും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്'- വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആഗോള ശ്രദ്ധ ലഭിക്കുന്നതോടെ സമരത്തിന് ആവേശം കൂടുമെന്ന ആശങ്ക ബന്ധപ്പെട്ട കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.