ശ്രീനഗർ: പ്രത്യേക പദവി നീക്കിയതിനെ തുടർന്ന് സംഘർഷഭരിതമായ കശ്മീരിൽ പെല്ലറ്റ് ശരീരത്തിൽ തുളഞ്ഞു കയറിവർ അറസ്റ്റ് ഭയന്ന് ആശുപത്രിയിൽ പോകുന്നില്ല. ശരീരത്തിലെ പെല്ലറ്റുകൾ ഇവർ ചവണ ഉപയോഗിച്ചാണ് നീക്കംചെയ്യുന്നതെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ എത്തിയാൽ അറസ്റ്റ് ഉറപ്പാണെന്ന് ഇവർ പറയുന്നു. ശ്രീനഗറിനടുത്തുള്ള അഞ്ചാറിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധക്കാർക്ക് സുരക്ഷസേനയുടെ പെല്ലറ്റാക്രമണത്തിൽ പരിക്കേറ്റതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ചുമുതൽ അഞ്ചാറിൽ സുരക്ഷസേന നടത്തിയ കണ്ണീർവാതക പ്രയോഗത്തിലും പെല്ലറ്റാക്രമണത്തിലും 200 പേർക്കാണ് പരിക്കേറ്റതെന്ന് ഇവർ ആരോപിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 24ലേറെ യുവാക്കൾക്ക് പരിക്കേറ്റു. ആശുപത്രിയിലെത്തുന്നവരെ നിരീക്ഷിക്കാൻ പൊലീസിെൻറ ആളുകളുണ്ട്. അഞ്ചാറിൽ പ്രതിഷേധക്കാരും സുരക്ഷസേനയുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യുവാവിെൻറ ശരീരത്തിൽ 20 പെല്ലറ്റുകളാണ് തുളഞ്ഞുകയറിയത്. നെഞ്ചിലും തോളിലും വയറ്റിലും കാലിലും തലയിലുമെല്ലാം പെല്ലറ്റുകളായിരുന്നു.
ശരീരത്തിൽനിന്ന് രക്തം നിലക്കാതെ ഒഴുകിയിട്ടും ഇദ്ദേഹത്തിന് ആശുപത്രിയിൽ പോകാനായില്ല. മേഖലയിലെ പ്രമുഖ ആശുപത്രിയായ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്’ അഞ്ചാറിൽനിന്ന് ഒരു കി.മീറ്റർ മാത്രം അകലെയാണ്. എന്നാൽ, അറസ്റ്റ് ഭയന്ന് ഈ യുവാവ് ആശുപത്രിയിൽ പോയില്ല. പ്രദേശത്തുള്ള നഴ്സാണ് കുറെ പെല്ലറ്ററുകൾ നീക്കം ചെയ്തത്.
ചവണ ഉപയോഗിച്ച് പെല്ലറ്റുകൾ നീക്കാൻ പ്രദേശത്തെ ചില യുവാക്കൾ വൈദഗ്ധ്യം നേടിയതായി അഞ്ചാറിൽ കടനടത്തുന്ന മുംതസ് പറഞ്ഞു. ഇദ്ദേഹത്തിെൻറ 12കാരനായ ബന്ധുവിനും പെല്ലറ്റാക്രമണത്തിൽ പരിക്കേറ്റിരുന്നു.
അഞ്ചാറിലെ വീടുകളുടെ ജനാലകൾ തകർന്നിരിക്കുകയാണ്. കണ്ണീർവാതക ശല്യം തടയാൻ ഇവർ ജനലുകൾ തകരഷീറ്റുകളും കാർഡ് ബോർഡുകളും ബ്ലാങ്കറ്റുകളും ഉപയോഗിച്ച് മറച്ചിരിക്കകുകയാണ്. സുരക്ഷസേനയെ തടയാൻ റോഡുകളിൽ കല്ലുകളും മരത്തടികളും ഉപയോഗിച്ച് മാർഗ തടസ്സമുണ്ടാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.