ഡെറാഡൂൺ: ജീൻസ് ധരിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. ജീൻസ് ധരിക്കുന്ന സ്ത്രീകളെ വിമർശിച്ചതിന് തിരത് സിങ് കഴിഞ്ഞ വർഷം വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ വിഷയത്തിൽ താൻ നടത്തിയ മുൻകാല പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ കാഴ്ചപ്പാടിനെ പിന്തുണച്ച് നിരവധി ആളുകൾ ശബ്ദമുയർത്തിയിരുന്നു. കീറിപ്പറിഞ്ഞ ജീൻസ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. കീറിയ ജീൻസുകളെക്കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നു." തിരത് സിങ് റാവത്ത് വ്യക്തമാക്കി.
2021ന്റെ തുടക്കത്തിലും യുവതികൾ കീറിയ മോഡൽ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ച് തിരത് സിങ് റാവത്ത് രംഗത്ത് വന്നിരുന്നു. യുവാക്കൾ കീറിയ ജീൻസ് വാങ്ങാനാണ് മാർക്കറ്റിൽ പോകുന്നതെന്നും കിട്ടിയില്ലെങ്കിൽ അവർ കത്രിക ഉപയോഗിച്ച് ജീൻസ് മുറിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ പ്രീതം സിങ് തിരത് സിങിന്‍റെ പരാമർശത്തിനെതിരെ പ്രതികരണമറിയിച്ചു. ലജ്ജാകരമായ പ്രസ്താവനയാണ് തിരത് സിങ് നടത്തിയതെന്നും അദ്ദേഹം സ്ത്രീകളോട് മാപ്പ് പറയണമെന്നും പ്രീതം സിങ് ആവശ്യപ്പെട്ടു.
ഒരാളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തുന്നത് ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് ഗരിമ ദസൗനി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അത് പൊതുജനവികാരം വ്രണപ്പെടുത്തുമെന്നും അവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം അരോചകമായ പ്രസ്താവനയാണ് മുൻ മുഖ്യമന്ത്രി നടത്തിയതെന്നാണ് ആം ആദ്മിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.