മുഖംമൂടി സംഘം ക്രിസ്ത്യൻ ചർച്ച് തകർത്തു; യേശുവിന്റെ പ്രതിമ നശിപ്പിച്ചു

ചണ്ഡീഗഡ്: മുഖംമൂടി ധരിച്ച നാലംഗ സംഘം പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ ക്രിസ്ത്യൻ ചർച്ച് തകർത്തു. ചർച്ചിലെ പിയാത്ത പ്രതിമ നശിപ്പിച്ച സംഘം, പള്ളിയുടെ ഉടമസ്ഥതയിലുള്ള കാർ കത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുലർച്ചെ 12.30ഓടെയാണ് സംഭവം. തരൺ തരൺ ജില്ലയിലെ തകർപൂർ ഗ്രാമത്തിലെ ചർച്ചാണ് അക്രമത്തിനിരയായത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ബന്ദിയാക്കിയാണ് മൂന്ന് നിലകളുള്ള പള്ളിയിൽ മുഖംമൂടി ധരിച്ച നാലംഗ സംഘം പ്രവേശിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് പള്ളിയുടെ മുകളിലത്തെ നിലയിൽ കയറി യേശുക്രിസ്തുവിന്റെയും മാതാവിന്റെയും പ്രതിമകൾ തകർത്ത് തലകൾ കൊണ്ടുപോയി. പള്ളി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറും ഇവർ കത്തിച്ചു.

പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന പിയാത്ത പ്രതിമ തകർക്കുകയും പാർക്ക് ചെയ്‌തിരുന്ന കാർ കത്തിക്കുകയും ചെയ്‌തതായി ജലന്ധർ രൂപതക്ക് കീഴിലെ ഇൻഫന്റ് ജീസസ് കാത്തലിക് ചർച്ച് ഇടവക വികാരി ഫാദർ തോമസ് പൂച്ചാലിൽ പറഞ്ഞു. "തങ്ങൾ ഖാലിസ്ഥാനികളാണ്" എന്ന മുദ്രാവാക്യം ഉയർത്തിയാണ് അക്രമികൾ അഴിഞ്ഞാടിയതെന്ന് അദ്ദേഹം പറഞ്ഞു.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ പള്ളി പരിസരത്ത തടിച്ചുകൂടി. ഖേംകരൻ റോഡിൽ പ്രതിഷേധ ധർണ നടത്തിയത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

'സാമൂഹ്യ വിരുദ്ധർ യേശുവിന്റെ പ്രതിമ തകർക്കുകയും പള്ളിയിലെ കാർ കത്തിക്കുകയും ചെയ്തു. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ കുറിച്ച് നിർണായക സൂചനകൾ ലഭിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യും' -തരൺ തരൺ സീനിയർ പൊലീസ് സൂപ്രണ്ട് ആർ.എസ്. ധില്ലൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ക്രിസ്ത്യൻ മിഷനറിമാർ വഞ്ചനയിലൂടെ സിഖുകാരെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയാണെന്ന് സിഖ്​ വിശ്വാസികളുടെ ഔദ്യോഗിക നേതാവായ ഗ്യാനി ഹർപ്രീത് സിങ് ആരോപിച്ചിരുന്നു. ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും ഗ്യാനി മുന്നറിയിപ്പ് നൽകിയിരുന്നു. വിഷയം ചർച്ച ചെയ്യാൻ സെപ്റ്റംബർ അഞ്ചിന് യോഗം വിളച്ചതായി അദ്ദേഹം അറിയിച്ചു. പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിനെ കുറിച്ച് സിഖ് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ഇതുവരെ പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നില്ല. അതിന്‍റെ ആവശ്യമില്ലായിരുന്നു. എന്നാൽ ഇന്ന് ആവശ്യമുന്നയിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാഹചര്യങ്ങൾ. അതിനാൽ നിയമത്തിനായി ആവശ്യമുന്നയിക്കുന്നതിനെ കുറിച്ച് സിഖ് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്'- ഗ്യാനി പറഞ്ഞു.

ചില ക്രസ്ത്യൻ മിഷനറിമാർ ചേർന്ന് കുറച്ച് കാലമായി സിഖുകാരെ സ്വാധീനിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുകയാണ്. പഞ്ചാബിലെ സിഖുകാരെയും ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ച് അവരെ ക്രിസ്ത്യാനികളാക്കി മാറ്റുകയാണ്. ഇവയെല്ലാം നടക്കുന്നത് സർക്കാരിന്‍റെ മൂക്കിന് താഴെയാണ്. മതത്തിന്റെ പേരിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥകളുണ്ടെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ഒരു സർക്കാരും അവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സിഖുകാർ ഒരു മതത്തിനോ അതിന്റെ മൂല്യങ്ങൾക്കോ ​​എതിരല്ലെന്നും മറിച്ച് മതത്തിന്റെ പേരിൽ നടക്കുന്ന വഞ്ചനക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽ പെട്ട സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് പണം നൽകി നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട്. വിദേശ ശക്തികളുടെ പിന്തുണയോടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ ഇത്തരം നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അത് ഭയാനകമാണെന്നും ഗ്യാനി ഹർപ്രീത് പറഞ്ഞു.

പള്ളി തകർത്തതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അപലപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. "പഞ്ചാബിന്റെ സാഹോദര്യം തകർക്കാൻ ആരെയും അനുവദിക്കില്ല. തരൺ തരൺ സംഭവം വളരെ ദൗർഭാഗ്യകരമാണ്. ഇത് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും" -അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏതാനും ദിവസം മുമ്പ് അമൃത്‌സർ ജില്ലയിലെ ദാദുവാന ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷനറിമാർ സംഘടിപ്പിച്ച പരിപാടി സിഖ് സായുധവിഭാഗമായ നിഹാംഗുകളുടെ നേതൃത്വത്തിൽ തടസ്സപ്പെടുത്തിയിരുന്നു. സംഘാടകരുടെ പരാതിയിൽ പരാതിയിൽ നിഹാംഗ് നേതാവ് ബാബ മേജർ സിംഗിനും അദ്ദേഹത്തിന്റെ 150 അനുയായികൾക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 

Tags:    
News Summary - Four masked men vandalize a church in Punjab, set car on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.