ബംഗളൂരു: സി.ബി.െഎ കേന്ദ്ര സർക്കാറിെൻറ കൂട്ടിലടച്ച തത്തയാണെന്നും മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് സി.ബി.െഎക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ‘െഎ ആം ഗൗരി ദ ഫോറം ഫോർ മൂവ്മെൻറ് എഗെൻസ്റ്റ് ലേങ്കഷ്സ് അസാസിനേഷൻ’ കത്ത് നൽകി. ഗൗരിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചേർന്ന് രൂപവത്കരിച്ചതാണ് ഫോറം.
കേസിൽ സി.ബി.െഎ അന്വേഷണം വേണമെന്ന ബി.ജെ.പിയുടെയും ഗൗരിയുടെ സഹോദരൻ ഇന്ദ്രജിത്തിെൻറയും ആവശ്യത്തെ എതിർത്ത ഫോറം, എതിരാളികളെ നിശ്ശബ്ദമാക്കാൻ കേന്ദ്ര സർക്കാർ സി.ബി.െഎയെ ദുരുപയോഗം ചെയ്യുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. നാലു വർഷമായി നരേന്ദ്ര ദാഭോൽകറുടെ കൊലപാതകക്കേസ് അന്വേഷിക്കുന്ന സി.ബി.െഎക്ക് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഡോ. എം.എം. കൽബുർഗിയുടെ കൊലയാളികളെ പിടികൂടാൻ വൈകിയതാണ് ഗൗരിയുടെ കൊലപാതകത്തിനും വഴിവെച്ചത്. രണ്ടു കൊലകളിലെയും പ്രതികളെ ഉടൻ പിടികൂടണമെന്നും കേസ് സി.ബി.െഎക്ക് വിടുന്നതിന് പകരം പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൊലപാതകികൾ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെടുകയാണ്. സാഹിത്യകാരനായ യു.ആർ. അനന്തമൂർത്തി മരണപ്പെട്ടപ്പോഴും ഡോ. എം.എം. കൽബുർഗിയെ വെടിവെച്ച് കൊന്നപ്പോഴും ഇതേ ആളുകൾ അത് ആഘോഷിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും കൊലപാതക പ്രേരണക്ക് കുറ്റം ചുമത്തി അറസ്റ്റ്ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
ഗിരീഷ് കർണാട്, കെ.എസ്. ഭഗവാൻ അടക്കം പന്ത്രണ്ടോളം പേർക്ക് പൊലീസ് സംരക്ഷണം
ബംഗളൂരു: ജ്ഞാനപീഠ അവാർഡ് ജേതാവും നാടകകൃത്തുമായ ഗിരീഷ് കർണാട്, എഴുത്തുകാരൻ കെ.എസ്. ഭഗവാൻ എന്നിവരടക്കം പന്ത്രണ്ടോളം പേർക്ക് പൊലീസ് സംരക്ഷണം നൽകും. ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ തുടർന്ന് പുരോഗമന ചിന്തകർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.
ഏതെങ്കിലും വിധത്തിൽ വധഭീഷണി നേരിട്ട എഴുത്തുകാരുടെയും ആക്ടിവിസ്റ്റുകളുടെയും പട്ടിക തയാറാക്കി അവർക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിന് നൽകിയ നിർദേശം. വിരമിച്ച െഎ.എ.എസ് ഒാഫിസർ എസ്.എം. ജാംദാറിനും വധഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷ ഒരുക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്്. കൽബുർഗി വധത്തെ തുടർന്ന് ഗിരീഷ് കർണാടിനും കെ.എസ്. ഭഗവാനും പൊലീസ് സംരക്ഷണം നൽകിയിരുന്നെങ്കിലും രണ്ടുമാസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.