ഉത്തർപ്രദേശിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് തന്നെ വലിയ കാര്യമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ന്യൂസ് ചാനലിന് നൽകിയ അിമുഖത്തിലാണ് യു.പിയിൽ കടുത്ത ക്രിമിനൽ വാഴ്ചയായിരുന്നെന്ന ആരോപണം അമിത് ഷാ ഉന്നയിച്ചത്.
യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യു.പിയിൽ പിടിച്ചുപറിയും തട്ടിപ്പുകളും ബലാത്സംഗവും കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
'സമാജ്വാദി പാർട്ടി അധികാരത്തിലിരുന്നപ്പോൾ ഒരു സമുദായം കരുതിയത് അവർക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്. പോത്തുകളെ വീടുകളിൽ നിന്ന് പിടിച്ചു കൊണ്ടുപോകുമ്പോൾ കർഷകർക്ക് ഒന്നും ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ആളുകൾക്ക് ഡൽഹിയിലേക്ക് കുടിയേറി രക്ഷപ്പെടുകയായിരുന്നു. കോടികൾ വില മതിക്കുന്ന ഭൂമിയാണ് ഗുണ്ടാ സംഘങ്ങൾ ഇങ്ങനെ കൈവശപ്പെടുത്തിയത്' -അമിത്ഷാ പറഞ്ഞു.
ക്രമസമാധാനം ബി.ജെ.പി പ്രധാനമായാണ് കാണുന്നതെന്ന് അമിത് ഷാ പറഞ്ഞു. അഹമ്മദാബാദ് സ്ഫോടനകേസിൽ 38 ആളുകൾക്ക് കഴിഞ്ഞ ദിവസം കോടതി വധിശിക്ഷ വിധിച്ചത് ചൂണ്ടികാട്ടി അമിത് ഷാ പറഞ്ഞു: 'എസ്.പിയും ബി.എസ്.പിയും ഇത്തരം ഭീകരവാദികളെ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. യു.എ.പി.എ, പോട്ട കേസുകൾ പിൻവലിച്ച എസ്.പി, ബി.എസ്.പിയും ഈ രാജ്യത്തിന്‍റെ സുരക്ഷക്കായി എന്താണ് ചെയ്തത്?'
യു.പിയിൽ ഇപ്പോൾ സുരക്ഷയുണ്ടെന്നും കാൺപൂരിലൊക്കെ സ്ത്രീകൾക്ക് അർധരാത്രി പോലും പുറത്തിറങ്ങാനാകുന്നുണ്ടെന്നും ഇതെല്ലാം ബി.ജെ.പിക്ക് അനുകൂല വോട്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.