പ്രഫ. ജി.എൻ. സായിബാബ അന്തരിച്ചു

ഹൈദരാബാദ്: മാവോവാദി ബന്ധം ആരോപിച്ച് ദീർഘകാലം ജയിലിൽ കഴിഞ്ഞ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ പ്രഫ. ജി.എൻ. സായിബാബ അന്തരിച്ചു. 57 വയസായിരുന്നു. ഹൈദരാബാദ് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.

മാവോവാദി കേസിൽ 2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈകോടതി വിട്ടയച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു. മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയിൽ കേസ് പരിഗണിച്ച് അദ്ദേഹത്തെ ജയിൽ മോചിതനാക്കിയത്. യു.എ.പി.എ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി വിധി.

കഴിഞ്ഞ മാർച്ചിലാണ് സായിബാബ ജയില്‍ മോചിതനായത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു. മാവോവാദി ബന്ധം ആരോപിക്കപ്പെട്ട റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ചായിരുന്നു യു.പി.എ സർക്കാറിന്‍റെ കാലത്ത് സായിബാബ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - GN Saibaba passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.