രാഹുലിന് പിന്നാലെ മഹുവ മൊയ്ത്രയുടെ പ്രസംഗത്തിനും സർക്കാർ കത്രിക; പകരം അവർ ഇത് ചേർക്കുമെന്ന് ​മഹുവ

ന്യൂഡൽഹി: ഇന്നലെ ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കവേ മോദിയേയും ബി.ജെ.പിയെയും വലിച്ചുകീറിയ തൃണമൂൽ എം.പി മഹുവ മൊയ്ത്രയുടെ പ്രസംഗത്തിലെ ഭാഗങ്ങളും സഭാരേഖകളിൽനിന്ന് സർക്കാർ നീക്കം ചെയ്തു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ആർ.എസ്.എസ് വിരുദ്ധ പരാമർശങ്ങളും രേഖകളിൽനിന്ന് നീക്കംചെയ്തതിന് പിന്നാലെയാണ് മഹുവയ്ക്കെതിരായ നീക്കം.

‘നിങ്ങളുടെ ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ്, ട്രോളുകൾ, മാധ്യമങ്ങൾ, നിങ്ങൾ വിലക്കെടുത്ത ജഡ്ജിമാർ തുടങ്ങി ആർക്കും ഞങ്ങളെ ഭയപ്പെടുത്താൻ കഴിയില്ല. ഇന്ത്യയിലെ ജനങ്ങൾ ക്ഷമയുള്ളവരാണ്. ഈ സർക്കാർ വീഴുന്നത് വരെ അവർ ക്ഷമയോടെ കാത്തിരിക്കും’ എന്ന പ്രസംഗത്തിലെ ‘നിങ്ങൾ വിലക്കെടുത്ത ജഡ്ജിമാർ’ എന്ന പ്രയോഗമാണ് സർക്കാർ രേഖകളിൽനിന്ന് നീക്കിയത്.

ഇതിനെതിരെ മഹുവ മൊയ്ത്ര ‘എക്സി’ൽ രംഗത്തുവന്നു: ‘‘ഇന്നലത്തെ പ്രസംഗത്തിലെ "ജഡ്ജിമാരെ വിലക്കെടുത്തു" എന്ന എന്റെ പരാമർശം സർക്കാർ നീക്കം ചെയ്തു. വിരമിച്ചശേഷം സാമ്പത്തിക നേട്ടത്തിന് ഒരു ജഡ്ജിയും സർക്കാരിനെ ആശ്രയിക്കുന്നില്ല എന്നൊരു വരി അവർ തിരുകിച്ചേർക്കും’’ എന്നായിരുന്നു സഭാരേഖയുടെ പകർപ്പ് പങ്കുവെച്ച് മഹുവയുടെ കുറിപ്പ്.

മണിപ്പൂരിലെ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് മഹുവ ഇന്നലെ ഉയർത്തിയത്. 'മ' വെച്ച് ഒരുപാട് വാക്കുകൾ പറഞ്ഞ മോദി മണിപ്പൂർ എന്ന് മാത്രം മിണ്ടിയില്ലെന്ന് ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ മഹുവ ചോദിച്ചു. 'എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ മണിപ്പൂർ എന്നൊരു വാക്കില്ലാത്തത്. എന്തുകൊണ്ടാണ് 'വടക്കു കിഴക്ക്' എന്ന പൊതുവായ വാക്ക് മാത്രം പറയേണ്ടിവരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മ' അക്ഷരത്തിൽ തുടങ്ങുന്ന ഒരുപാട് വാക്കുകൾ മോദി പറഞ്ഞിരുന്നു. മുസൽമാൻ, മുല്ല, മദ്രസ, മുഗൾ, മട്ടൻ, മഛ്ലി, മംഗൾസൂത്ര... എന്നാൽ ഒരിക്കൽ പോലും മണിപ്പൂർ എന്നൊരു വാക്ക് പറഞ്ഞില്ല' -മൊയ്ത്ര വിമർശിച്ചു. വരൂ മണിപ്പൂരിലെ തെരുവുകളിലെ രക്തം കാണൂവെന്ന് പാബ്ലോ നെരൂദയുടെ കവിത ഉദ്ധരിച്ചുകൊണ്ട് മൊയ്ത്ര പറഞ്ഞു.

ലോക്സഭയിൽ തന്നെ നിശ്ശബ്ദയാക്കാനാണ് കഴിഞ്ഞ തവണ ബി.ജെ.പി ശ്രമിച്ചതെന്ന് മൊയ്ത്ര പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിലൂടെ സീറ്റുകൾ കുറച്ചുകൊണ്ട് ജനം അവരെ നിശ്ശബ്ദരാക്കി പകരം വീട്ടി. കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ഭരണകക്ഷിയായ ബി.ജെ.പി വലിയ വില തന്നെ നൽകേണ്ടി വന്നു. എന്നെ നിശ്ശബ്ദയാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനം ബി.ജെ.പിയിലെ 63 എം.പിമാരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി. കേവലഭൂരിപക്ഷത്തിനായി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്ന ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്നും മഹുവ ഓർമപ്പെടുത്തി.

രാഹുലിന്‍റെ പ്രസംഗത്തിലെ ‘ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നു’ എന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് ലോക്സഭ സ്പീക്കർ നീക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിച്ച പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ലോക്സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാൻ ആവില്ലെന്നും മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവർ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും രാഹുൽ ചോദിച്ചിരുന്നു. പ്രസംഗഭാഗങ്ങൾ നീക്കിയ നടപടിക്കെതിരെ രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലക്ക് കത്തയച്ചു. സ്പീക്കറുടെ നടപടി ഞെട്ടിക്കുന്നതാണെന്നും നീക്കിയ ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Government has expunged mahua moitra's yesterday’s speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.