ന്യൂഡൽഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ക്രമസമാധാനനില മെച്ച പ്പെട്ടുവെന്ന് കേന്ദ്രസർക്കാർ. ബി.ജെ.പി എം.പി കനകമൽ കാത്രയുടെ ചോദ്യത്തിന് സഹമന്ത്രി കിഷൻ റെഡ്ഢിയാണ് മറുപടി നൽകിയത്. എന്നാൽ, ഇതിനെ സാധുകരിക്കുന്ന കണക്കുകളൊന്നും കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ചിട്ടില്ല.
ഈ വർഷം ആഗസ്റ്റ് അഞ്ച് മുതൽ നവംബർ 15 വരെ കല്ലെറിഞ്ഞ കേസുകളുമായി ബന്ധപ്പെട്ട് 765 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെൻറിൽ സമർപ്പിച്ച കണക്കുകളിൽ നിന്ന് വ്യക്തമാണ്. ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് സമാന കേസുകളിൽ എത്ര പേർ അറസ്റ്റിലായെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് 2016ന് ശേഷമാണ് കശ്മീരിലെ കല്ലെറിയൽ കൂടിയതെന്നും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.