ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഡോമിനോസ് പിസ ജീവനക്കാരിയായ യുവതിയെ നടുറോഡിൽ ക്രൂരമായി മർദിച്ചു. നാല് പെൺകുട്ടികളടങ്ങുന്ന സംഘം യുവതിയെ വടികൊണ്ട് മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വഴിയാത്രക്കാരൻ സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്ക് വെക്കുകയുമായിരുന്നു. വിഡിയോ കാട്ടുതീ പോലെ പ്രചരിച്ചതോടെ വിഷയം പൊലീസിന്റെ ശ്രദ്ധയിലുമെത്തി.
ജീവനുവേണ്ടി കേഴുന്ന യുവതിയെയാണ് വിഡിയോയിൽ കാണുന്നത്. അവൾ കരയുമ്പോഴും വേദനകൊണ്ട് പുളയുമ്പോഴും നാലംഗ സംഘം മർദനം തുടരുകയാണ്. സംഭവസ്ഥലത്ത് നിരവധിപേർ തടിച്ചുകൂടിയിട്ടും വേദനകൊണ്ട് നിലവിളിക്കുന്ന പെൺകുട്ടിയെ രക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല.
മർദനം താൻ പൊലീസിൽ അറിയിക്കുമെന്ന് പെൺകുട്ടി പറയുന്നതും 'പോയി പരാതിപ്പെടൂ' എന്ന പെൺ സംഘത്തിന്റെ മറുപടിയും വിഡിയോയിലുണ്ട്. ഒടുവിൽ സമീപത്തെ വീട്ടിൽ ഒളിച്ചാണ് യുവതി രക്ഷപ്പെട്ടത്. തുടർന്ന്, ഇരയായ യുവതി നാല് സ്ത്രീകൾക്കുമെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡോമിനോസ് പിസ ജീവനക്കാരിയായ നന്ദിനി യാദവിനാണ് മർദനമേറ്റതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.