അഹ്മദാബാദ്: 'കൺവെട്ടത്തുനിന്ന് പൊന്നുമോൻ മാറിനിൽക്കാൻ ഞാൻ അനുവദിക്കാറില്ല''- ഗുജറാത്തിലെ ഗാന്ധിനഗറിൽ കഴിയുന്ന മീന വാഡി എന്ന 25കാരിയുടെ വാക്കുകൾ. എന്നിട്ടും രണ്ടു മാസത്തിനിടെ അവരുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് രണ്ടു തവണ. എന്തിനായിരുന്നു ഈ തട്ടിക്കൊണ്ടുപോകൽ? അറിയുേമ്പാൾ കൗതുകമല്ല, അമ്പരപ്പും ഞെട്ടലും സ്വാഭാവികം.
പ്രസവവും പരിചരണവും പൂർത്തിയാക്കി ആശുപത്രിയിൽനിന്ന് മടങ്ങി കൊച്ചുകുടിലിൽ എത്തിയ ഏപ്രിൽ ഒന്നിന് തുടങ്ങിയതാണ് മീന വാഡിയുടെ ദുര്യോഗം. ആശുപത്രിയിൽ പരിചരണത്തിനുണ്ടായിരുന്ന നഴ്സ് എന്നു പറഞ്ഞ് ഒരു സ്ത്രീ വീട്ടിൽ വരുന്നു. കുഞ്ഞിന് വാക്സിൻ നൽകാനുണ്ടെന്നായിരുന്നു നിർദേശം. നഴ്സിനൊപ്പം കുഞ്ഞിനെ കൈയിൽ കരുതി മീന ആശുപത്രിയിലേക്ക് നടന്നു. മാതാവിനെ പുറത്തുനിർത്തി കുഞ്ഞിനെയുമായി സ്ത്രീ ആശുപത്രിക്കുള്ളിലേക്ക് പോയി. ഫോട്ടോയെടുക്കാനുണ്ടെന്ന് കൂടി പറഞ്ഞിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞും കുഞ്ഞുമായി 'നഴ്സ്' വരാതായതോടെ ഉള്ളിൽ ആധി പെരുത്തു. വിഷയം സുരക്ഷ ജീവനക്കാരോടു പറഞ്ഞു. അവർ പൊലീസിനെ വിളിച്ചു. ഉടൻ എത്തിയ പൊലീസ് സ്ത്രീയുടെ പേരുവിവരങ്ങൾ ചോദിച്ചെങ്കിലും മാതാവിന് അതൊന്നും അറിയില്ലായിരുന്നു.
സി.സി.ടി.വി പരിശോധനയിൽ ഒരു സ്ത്രീ സാരിയിൽ ഒരു പൊതിക്കെട്ടുമായി പോകുന്നു. കുഞ്ഞു തന്നെയായിരുന്നോ? അറിയില്ല. 500 ഓളം ഓട്ടോറിക്ഷക്കാരെ ചോദ്യം ചെയ്തതിൽ സമീപ ഗ്രാമത്തിലേക്ക് കുഞ്ഞിനെയമായി സ്ത്രീ പോയത് തിരിച്ചറിഞ്ഞു. അവളുടെ കൈയിൽ കുട്ടിയുണ്ടായിരുന്നതായി ദൃക്സാക്ഷികളും മൊഴി നൽകി.
ആ ഗ്രാമത്തിലെത്തി നടത്തിയ പരിശോധനയിൽ പൊലീസ് പിന്നെയും ഞെട്ടി. ഒരു ഫാമിൽ ഈ സ്ത്രീയുടെ വസ്ത്രങ്ങളും ഒരു ആധാർ കാർഡും ബയോമെട്രിക് തിരിച്ചറിയൽ കാർഡും തുടങ്ങി പലതും ഉപേക്ഷിച്ച നിലയിൽ കിടക്കുന്നു. വിലാസം തേടിയായി പൊലീസിന്‍റെ അടുത്ത യാത്ര. അന്വേഷിച്ചെത്തിയ പൊലീസ് ഒരു സ്ത്രീയെ കുഞ്ഞുമായി കണ്ടു. പക്ഷേ, ഈ കുഞ്ഞായിരുന്നില്ല ആ കുഞ്ഞ്. തന്‍റെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം ഒളിച്ചോടിയെന്നും തന്‍റെ രേഖകൾ മുഴുവൻ മോഷ്ടിച്ച് കടന്നെന്നുമായിരുന്നു സ്ത്രീക്ക് പറയാനുണ്ടായിരുന്നത്.
ഇവർ നൽകിയ വിലാസം പിന്തുടർന്ന് തിരഞ്ഞിറങ്ങിയ പൊലീസ് ദമ്പതികളെ കണ്ടെത്തി. കൂടെ കണ്ട കുഞ്ഞ് പക്ഷേ, മീനയുടെതായിരുന്നു. ഡി.എൻ.എ പരിശോധനയിൽ അത് തെളിയുകയും ചെയ്തു.
ഈ സ്ത്രീ കുട്ടിയെ റാഞ്ചിയത് സമ്മതിച്ചെങ്കിലും ഒന്നുമറിയില്ലെന്നും തന്‍റെ കുഞ്ഞ് തന്നെയെന്നാണ് കരുതിയതെന്നുമായിരുന്നു ഭർത്താവിന്‍റെ നിലപാട്. പെൺകുഞ്ഞല്ല, ആൺകുട്ടി പിറക്കാൻ കൊതിക്കുന്നതാണ് ഇത്തരം തട്ടിപ്പുകളിലെത്തിക്കുന്നതെന്ന് മുൻ പൊലീസ് ഓഫീസർ ദീപക് വ്യാസ് പറയുന്നു. സ്വന്തമായി പിറന്നില്ലെങ്കിൽ മറ്റുള്ളവരുടെ കുഞ്ഞിനെ തട്ടിയെങ്കിലും സ്വന്തമാക്കുന്ന രീതി.
കുഞ്ഞിനെ തിരിച്ചുകിട്ടിയ സന്തോഷം പക്ഷേ, മീനക്ക് ഏറെ നാൾ നീണ്ടുനിന്നില്ല. ഒരു മരച്ചോട്ടിൽ കുഞ്ഞിനെ കിടത്തി ആക്രി പെറുക്കാൻ അപ്പുറത്ത് പോയപ്പോഴായായിരുന്നു മോഷണം. വീണ്ടും ഇവർ പൊലീസ് സ്റ്റേഷനിലെത്തി. കുഞ്ഞ് മോഷണ കേസുമായി രണ്ടാംവട്ടവും ദമ്പതികളുടെ വരവ് പൊലീസിനെയും ഞെട്ടിച്ചു. വീണ്ടും സി.സി.ടി.വി പരിശോധന. ഒരു കുഞ്ഞുമായി സ്ത്രീയെയും പുരുഷനെയും ബൈക്കിൽ പോകുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തി. ബൈക്ക് തിരഞ്ഞിറങ്ങിയ പൊലീസ് ആളെ അന്ന് ബൈക്കിൽ പോയ ആൾ രാജസ്ഥാൻ സ്വദേശിയാണെന്നായി ഉടമ. പൊലീസ് അതിർത്തി കടന്ന് രാജസ്ഥാനിലെത്തി. അവിടെ കുഞ്ഞിരിക്കുന്നു. ചോദിച്ചപ്പോൾ തങ്ങൾക്ക് കുട്ടിയില്ലാത്തതിനാൽ കവർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മറുപടിയും. നാലു ദിവസം കഴിഞ്ഞ് കുഞ്ഞ് വീണ്ടും മീനക്കൊപ്പം.
ഈ കുഞ്ഞിന്‍റെ സംരക്ഷ ദമ്പതികളുടെ മാത്രമല്ല, തങ്ങളുടെ കൂടി ജോലിയായി മാറിയതായി ഗാന്ധിനഗർ പൊലീസ് പറയുന്നു.
കഴിഞ്ഞ വർഷം മാത്രം 43,000 കുഞ്ഞുങ്ങളാണ് ഇങ്ങനെ കാണാതെ പോയതെന്നാണ് സർക്കാർ രേഖകൾ. ഗുജറാത്തിൽ 3,500ഉം.
ബി.ബി.സി ഗുജറാത്തി ലേഖകൻ ഭാർഗവ പരീഖിന്‍റെതാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.