ന്യൂഡല്‍ഹി: മുംബൈയിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍  സ്ത്രീകള്‍ക്ക് പ്രവേശമാകാമെന്ന  ബോംബെ ഹൈകോടതി വിധിയില്‍ ദര്‍ഗ ട്രസ്റ്റ് നല്‍കിയ അപ്പീല്‍ ഹരജി ഈ മാസം 24ന് വാദം കേള്‍ക്കാനായി മാറ്റി. അതുവരെ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരും. ആഗസ്റ്റ് അവസാനവാരം സ്ത്രീകള്‍ക്ക് പ്രവേശമനുവദിച്ച ബോംബെ ഹൈകോടതി ദര്‍ഗ ട്രസ്റ്റിന് അപ്പീല്‍ പോകാന്‍ ഒന്നരമാസത്തെ സമയം അനുവദിച്ചിരുന്നു. ഇക്കാലയളവില്‍ സ്ത്രീപ്രവേശം അനുവദിച്ചത് മരവിപ്പിക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു.

സുപ്രീംകോടതിയില്‍ അപ്പീല്‍ ഹരജി നല്‍കിയ ഹാജി അലി ദര്‍ഗ ട്രസ്റ്റിന്‍െറ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് അടുത്ത വാദം കേള്‍ക്കുന്ന ദിവസം വരെ സ്ത്രീപ്രവേശാനുവാദം മരവിപ്പിച്ചത് നീട്ടണമെന്നഭ്യര്‍ഥിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കാര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യം അനുവദിക്കുകയായിരുന്നു.

ദര്‍ഗ ട്രസ്റ്റ് പുരോഗമനപരമായ നിലപാടെടുക്കുമെന്ന് ഒക്ടോബര്‍ ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീകോടതി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പുരോഗമനപരമായ ദൗത്യത്തിലാണെന്നായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം മറുപടി പറഞ്ഞത്. പുരുഷനും സ്ത്രീക്കും പ്രവേശം നല്‍കുന്നില്ളെങ്കില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍, ഒരു വിഭാഗത്തിന് മാത്രം പ്രവേശം നിഷേധിക്കുന്നത് പ്രശ്നം തന്നെയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിംകളില്‍ മാത്രമല്ല, ഹിന്ദുക്കളിലും ഈ പ്രശ്നമുണ്ടെന്ന് ശബരിമല സ്ത്രീ പ്രവേശകേസ് ഓര്‍മിപ്പിച്ച് കോടതി പറഞ്ഞിരുന്നു.

 

Tags:    
News Summary - Haji Ali Dargah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.