ന്യൂഡൽഹി: റഫാൽ ഇടപാടിനെ വിമർശിച്ച മുൻ പ്രതിരോധ മന്ത്രി എ.കെ ആന്‍റണിക്ക് മറുപടിയുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. നിർമാണ കമ്പനിയായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ) ഇടപാടിൽ നിന്ന് ഒഴിവാക്കിയത് യു.പി.എ സർക്കാറാണെന്ന് പ്രതിരോധ മന്ത്രി പ്രതികരിച്ചു.
റഫാൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റക്കെടുത്ത തീരുമാനമല്ല. റഫാൽ യുദ്ധവിമാനത്തിനായി കരാർ പോലും ഒപ്പിടാൻ കഴിയാത്ത യു.പി.എ സർക്കാറാണ് ബി.ജെ.പിയെ കുറ്റം പറയുന്നത്. യു.പി.എ തീരുമാനിച്ചതിലും ഒൻപതു ശതമാനം വിലക്കുറവിലാണ് യുദ്ധവിമാനങ്ങൾക്കായി ഈ സർക്കാർ കരാർ ഉറപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റഫാലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പാർലമെന്‍റിൽ മറുപടി നൽകിയിട്ടുണ്ടെന്നും നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
126 റഫാൽ യുദ്ധ വിമാനങ്ങൾക്ക് പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്നാണ് എ.കെ. ആന്‍റണി ആരോപിച്ചത്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 126 യുദ്ധവിമാനങ്ങൾ വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അത്ര എണ്ണം വാങ്ങാനുള്ള നടപടിയുമായി യു.പി.എ സർക്കാർ മുന്നോട്ടു നീങ്ങിയത്. എന്നാൽ, 2015ൽ ഫ്രാൻസിലേക്ക് നേരിട്ട് പോയ മോദി കരാർ 36 എണ്ണമായി കുറച്ചെന്നും ആന്‍റണി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.