രൊഹ്തക്: രണ്ടു തവണ ഹരിയാനയിൽ എം.എൽ.എ ആയിരുന്ന ഇന്ത്യൻ നാഷണൽ ലോക്ദൾ സംസ്ഥാന അധ്യക്ഷൻ നഫെ സിങ് റാത്തിയെ വെടിവെച്ച് കൊന്നു. വെടിവെപ്പിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനും കൊല്ലപ്പെട്ടു. വെടിവെപ്പിൽ പരിക്കേറ്റ മറ്റു രണ്ടു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാറിൽ സഞ്ചരിക്കുകയായിരുന്ന നഫെ സിങ്ങിനുനേർക്ക് അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.ഹരിയാനയിലെ ഝജ്ജാർ ജില്ലയിലെ ബഹദൂർഗഢ് റെയിൽവേ ക്രോസിലായിരുന്നു സംഭവം. കാറിലാണ് അക്രമികളെത്തിയത്. വെടിവെപ്പിന് ശേഷം സംഘം ഉടൻ രക്ഷപ്പെടുകയും ചെയ്തു. എല്ലാവരെയും ഉടൻ തന്നെ ബ്രം ശക്തി സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും നഫെ സിങ് മരിച്ചിരുന്നു.
സംഭവത്തിലെ കുറ്റവാളികളിൽ ഒരാൾ പോലും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ് പ്രതികരിച്ചു. സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും എസ്.ടി.എഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഝജ്ജാർ എസ്.പി അർപിത് ജെയിൻ പറഞ്ഞു.
വെടിവെപ്പുണ്ടായ ബഹദൂർഗഢ് മണ്ഡലത്തിൽനിന്ന് നഫെ സിങ് എം.എൽ.എ ആയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഐ.എൻ.എൽ.ഡി നേതാക്കൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.