ചണ്ഡിഗഢ്: പശുവിറച്ചി പാചകം ചെയ്തു കഴിച്ചുവെന്നാരോപിച്ച് ഹരിയാനയിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയെ പശു സംരക്ഷണ ഗുണ്ടകൾ മർദിച്ച് കൊലപ്പെടുത്തിയതിന് രണ്ട് മാസത്തിനുശേഷം ലാബ് പരിശോധനയിൽ അത് ബീഫ് അല്ലെന്ന് കണ്ടെത്തിയതായി പൊലീസ്.
ചാർഖി ദാദ്രി ജില്ലയിലെ ഹൻസാവാസ് ഖുർദ് ഗ്രാമത്തിലെ ഒരു കൂരയിൽ താമസിച്ചിരുന്ന തൊഴിലാളിയായ സാബിർ മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പത്ത് പേർ അറസ്റ്റിലായി.
കുടിലിലിൽ നിന്ന് ഇറച്ചിയുടെ സാമ്പിൾ എടുത്ത് ഫരീദാബാദിലെ ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ, അത് പശുവിറച്ചി അല്ലെന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചതായി ബദ്ര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഭരത് ഭൂഷൺ പറഞ്ഞു. ഉടൻതന്നെ റിപ്പോർട്ട് കോടതിയിൽ സമർപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 27ന് മാലിക് ബീഫ് കഴിച്ചെന്ന് ആരോപിച്ച് പ്ലാസ്റ്റിക്ക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. ചിലർ ഇടപെടാൻ ശ്രമിച്ചപ്പോൾ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി വീണ്ടും മർദിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.