ബംഗളൂരു: മുസ്ലിം സമുദായത്തിനെതിരെ അക്രമത്തിന് ആഹ്വാനം നൽകിയതായി ബി.ജെ.പിയുടെ ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യക്കെതിരെ പരാതി. സമൂഹത്തിലെ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ‘കാമ്പയിൻ എഗെയ്ൻസ്റ്റ് ഹെയ്റ്റ് സ്പീച്ച്’ ആണ് എം.പിക്കെതിരെ അൾസുർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തേജസ്വി സൂര്യക്ക് പുറമെ, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, ശോഭ കരന്ദലാജെ എന്നിവർക്കെതിരെയും നടപടി ആവശ്യപ്പെട്ടു. ഇരു സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താൻ വിദ്വേഷ പ്രസ്താവന നടത്തിയതിന് പുറമെ, അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതടക്കം പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇവർ ഐ.പി.സി 153 എ, 295 എ, 505 എ വകുപ്പുകൾ ലംഘിച്ചതായി പരാതിയിൽ പറഞ്ഞു. തേജസ്വി സൂര്യക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. ബംഗളൂരു ജില്ല തെരെഞ്ഞടുപ്പ് ഓഫിസർ തുഷാർ ഗിരിനാഥിന് നൽകിയ പരാതിയിൽ, തേജസ്വി സൂര്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായും ജനപ്രാതിനിധ്യ നിയമത്തിലെ 123 എ വകുപ്പ് ലംഘിച്ചതായും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷെൻറ കർണാടക സി.ഇ.ഒക്കും പരാതി നൽകിയിട്ടുണ്ട്.
വർഗീയ സംഘർഷത്തിന് വഴിവെക്കുന്ന പ്രസ്താവന നടത്തിയ തേജസ്വി സൂര്യ എം.പി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി കോൺഗ്രസും പൊലീസിൽ പരാതി നൽകിയിരുന്നു. കടയുടമയെ കൈയേറ്റം ചെയ്തതായി പറയുന്ന സംഭവം എം.പി സാമുദായികവത്കരിക്കുകയും മതവികാരം ഇളക്കിവിടുന്ന പ്രചാരണം നടത്തിയാതായും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനപരിധിയിൽ വരുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
സിദ്ധനഹള്ളി നാഗരഥ് പേട്ടിൽ ജുമാമസ്ജിദ് റോഡിൽ കടയുടമക്ക് മർദനമേറ്റ കേസിൽ പ്രതിഷേധത്തിനെത്തിയ ബി.ജെ.പി എം.പിമാരായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ എന്നിവരെയടക്കം 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പ്രതിഷേധത്തിന് മുൻകൂട്ടി അനുവാദം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാരെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
ഞായറാഴ്ചയാണ് കേസിന്നാസ്പദ സംഭവം. തെൻറ കടയിൽ ‘ഹനുമാൻ സ്തോത്രം’ വെച്ചതിന് അഞ്ചംഗസംഘം തന്നെ മർദിക്കുകയായിരുന്നെന്നാണ് കടയുടമ മുകേഷിെൻറ(26) ആരോപണം. ബാങ്ക് സമയത്ത് ഇനി ഇതാവർത്തിച്ചാൽ കട അടിച്ചുതകർക്കുമെന്നും കത്തികൊണ്ട് കുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മുകേഷ് പറഞ്ഞു. എന്നാൽ, കേസിന് മതപരമായ ബന്ധമൊന്നുമില്ലെന്ന് പൊലീസ് പറയുന്നു.
കടയുടമ മുകേഷിന് പിന്തുണയുമായി കാവി ഷാൾ അണിഞ്ഞ് സംഭവസ്ഥലത്തെത്താൻ ഹിന്ദുത്വ പ്രവർത്തകരോട് ബംഗളൂരു സൗത്ത് ബി.ജെ.പി എം.പി തേജസ്വി സൂര്യ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് നൂറുകണക്കിന് പേരാണ് ഹനുമാൻ ചാലിസ മുഴക്കിയെത്തിയത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.