മോദി സർക്കാരിന്റെ പരാജയങ്ങൾ വീടുതോറും പ്രചരിപ്പിക്കാൻ കോൺഗ്രസ്: 'ഹാത് സേ ഹാത് ജോഡോ' കാമ്പയിൻ ലോഗോ പുറത്തിറക്കി

ന്യൂഡൽഹി: ജനുവരി 26ന് ആരംഭിക്കുന്ന 'ഹാത് സേ ഹാത് ജോഡോ' കാമ്പയിനിന്റെ ലോഗോ പുറത്തിറക്കി കോൺഗ്രസ്. ബി.ജെ.പിക്കെതിരായ എട്ട് പേജുള്ള കുറ്റപത്രവും പാർട്ടി പുറത്തിറക്കി. ഇവ ഓരോ വീടുകളിലും വിതരണം ചെയ്യും. ഭാരത് ജോഡോ യാത്ര ഒരു പ്രത്യയശാസ്ത്ര നീക്കമായിരുന്നെങ്കിൽ, മോദി സർക്കാരിന്റെ പരാജയങ്ങൾ ഉയർത്തിക്കാട്ടാനും ജോഡോ യാത്രയുടെ സന്ദേശം മുഴുവൻ ഇന്ത്യക്കാരിലും എത്തിക്കാനും വീടുതോറുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് 'ഹാത് സേ ഹാത് ജോഡോ' കാമ്പയിൻ എന്നും ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ആദ്യഘട്ടത്തിൽ പഞ്ചായത്ത്-ബ്ലോക്ക് തലങ്ങളിലും രണ്ടാം ഘട്ടത്തിൽ ജില്ലാതലത്തിലും മൂന്നാം ഘട്ടത്തിൽ സംസ്ഥാനതലത്തിലുമാകും കാമ്പയിൻ സംഘടിപ്പിക്കുക. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര കാമ്പയിന് തുടക്കം കുറിക്കും.

മോദി സർക്കാരിന്റെ പരാജയം ലക്ഷ്യമിടുന്ന 'ഹാത് സേ ഹാത് ജോഡോ' കാമ്പെയ്‌ൻ കർശനമായ ഒരു രാഷ്ട്രീയ പ്രചാരണമാണ്. 'ഹാത് സേ ഹാത് ജോഡോ'ക്ക് രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ഉണ്ടായേക്കാം, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം ബി.ജെ.പിക്കെതിരായ കുറ്റപത്രവും രാഹുൽ ഗാന്ധിയുടെ കത്തും വീടുതോറും വിതരണം ചെയ്യുക എന്നതാണ് -ജയറാം രമേശ് പറഞ്ഞു.

ഭാരത് ജോഡോ യാത്ര അതിന്റെ അവസാന ഘട്ടത്തിലാണ്. ജനുവരി 29-നകം കശ്മീരിൽ പദയാത്ര പൂർത്തിയാക്കും. ജനുവരി 30നാണ് സമാപനം. 

Tags:    
News Summary - 'Hath Se Hath Jodo' campaign logo launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.