ന്യൂഡൽഹി: 185 യാത്രക്കാരുമായി പുനെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അകാസ എയറിന്റെ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതിനെ തുടർന്നാണിത്. ശനിയാഴ്ച ഉച്ചക്ക് 12.42 ഓടെയാണ് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. തുടർന്ന് വിമാനത്തിൽ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡുകർ പരിശോധന നടത്തി. യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. വ്യാജ ബോബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
വിമാനം പറന്നുയർന്ന ഉടനെയാണ് സുരക്ഷ മുന്നറിയിപ്പ് ലഭിച്ചതെന്നും തുടർന്ന് സുരക്ഷാ നടപടിക്രമങ്ങൾ അനുസരിച്ച് വിമാനം മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നുവെന്നും അകാസ എയർലൈൻസ് അറിയിച്ചു. ആവശ്യമായ എല്ലാ അടിയന്തര നടപടികളും പാലിച്ച ക്യാപ്റ്റൻ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 12.42 ന് സുരക്ഷിതമായി ഇറക്കി.
ആ വിമാനത്തിൽ യാത്രക്കാരന്റെ ബന്ധുവും യാത്ര ചെയ്തിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. നെഞ്ചുവേദനയ്ക്ക് മരുന്ന് കഴിച്ചിരുന്നെന്നും എന്തൊക്കെയോ വാശിപിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷം രാവിലെ ആറ് മണിയോടെ മുംബൈ വിമാനത്താവളത്തിൽ നിന്ന് വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു. സംഭവത്തിൽ മുംബൈ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എയർലൈൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.