മിർസാപൂർ/പാറ്റ്ന: കൊടുംചൂടിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കം 40 പേർ ഉഷ്ണതരംഗത്തിൽ മരിച്ചു. യു.പിയിൽ 17ഉം ബിഹാറിൽ 14ഉം പേർ മരിച്ചു. ഇരുസംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ചുമതലയിലുള്ള 25 ഉദ്യോഗസ്ഥരും മരിച്ചവരിലുൾപ്പെടും. ഒഡിഷയിൽ അഞ്ചും ഝാർഖണ്ഡിൽ നാലും പേർക്ക് വെള്ളിയാഴ്ച ജീവൻ നഷ്ടമായി.
യു.പി മിർസാപൂരിലെ മാ വിന്ദ്യവാസിനി മെഡിക്കൽ കോളജിൽ 13 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചതായി പ്രിൻസിപ്പൽ ഡോ. രാജ് ബഹദൂർ കമൽ പറഞ്ഞു. ഏഴ് ഹോം ഗാർഡുകളും മൂന്ന് ശുചീകരണ തൊഴിലാളികളും ഒരു ക്ലർക്കും പ്യൂണുമടക്കമാണ് മരിച്ചത്.
കടുത്ത പനിയും ഉയർന്ന രക്തസമ്മർദവുമായാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. യു.പിയിലെ സോനഭദ്ര ജില്ലയിൽ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. ഒമ്പത് പേർ ചികിത്സയിലാണ്. കൗശമ്പിയിൽ വൃദ്ധയടക്കം രണ്ടുപേരും മരിച്ചു. ബിഹാറിൽ മരിച്ച 14 പേരിൽ പത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്.
സൂര്യാഘാതം ബാധിച്ച 1300 പേർ ആശുപത്രിയിലുണ്ട്. വ്യാഴാഴ്ച ഒഡിഷയിൽ പത്തും ബിഹാറിൽ എട്ടും ഝാർഖണ്ഡിൽ നാലും പേർ മരിച്ചിരുന്നു. രാജസ്ഥാനിൽ ഇതുവരെ അഞ്ച് പേർ ഉഷ്ണതരംഗത്തെതുടർന്ന് മരിച്ചിരുന്നു. കടുത്ത ചൂടും വരൾച്ചയും കാരണം വെള്ളക്ഷാമവും രൂക്ഷമാണ്. വെള്ളത്തിനായി ഡൽഹിയിലടക്കം ജനം പരക്കം പായുന്ന കാഴ്ച പലയിടത്തുമുണ്ട്. കാൺപൂരിലെ വ്യോമസേന കാലാവസ്ഥ സ്റ്റേഷനിൽ രേഖപ്പെടുത്തിയ 48.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലത്തെ ഉയർന്ന ചൂട്.
അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ ഇതേ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരണം ഉയർന്നതിനെതുടർന്ന് ഉഷ്ണതരംഗം ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ രാജസ്ഥാൻ ഹൈകോടതി കേന്ദ്രത്തോട് നിർദേശിച്ചു. കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെതുടർന്ന് കോടതി വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.