ന്യൂഡൽഹി: ഫാക്ട് ചെക്കിങ് വെബ്സൈറ്റ് ഓൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ 24 ദിവസത്തിനുശേഷം സുബൈർ പുറത്തിറങ്ങിയിരുന്നു. യു.പി സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ചത്. അറസ്റ്റിനുള്ള പൊലീസിന്റെ അധികാരം മിതമായി പ്രയോഗിക്കാനുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മുറമ്മദ് സുബൈറിന്റെ സഹപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ പ്രതീക് സിൻഹ ട്വിറ്ററിൽ ഒരു ഫോട്ടോ പങ്കിട്ടു. സുബൈറിനൊപ്പം നിൽക്കുന്ന ഫോട്ടോയാണ് പ്രതീക് സിൻഹ പങ്കുവച്ചത്. 'സുബൈർ കുടുതൽ ശക്തനായി തിരിച്ചുവരുമെന്ന്'സിൻഹ ട്വിറ്ററിൽ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ സുബൈർ ആഗ്രഹിക്കുന്നുവെന്നും സിൻഹ തുടർന്നു. വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് 24 ദിവസം കസ്റ്റഡിയിലായിരുന്ന സുബൈർ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.
ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിന് പ്രതികാര നടപടിക്കിരയായതാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. കഴിഞ്ഞദിവസം യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡൽഹി പട്യാല ഹൗസ് കോടതിയിലെ ജാമ്യനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ട് ആറിന് ഡൽഹി തിഹാർ ജയിലിൽ നിന്ന് സുബൈർ മോചിപ്പിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിരുന്നു.
ട്വീറ്റുകളുടെ പേരിൽ സുബൈറിനെതിരെ ഭാവിയിൽ രജിസ്റ്റർ ചെയ്തേക്കാവുന്ന കേസുകളിലും ജാമ്യം ബാധകമായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെ അത്തരം അറസ്റ്റുകളിൽ നിന്നും സംരക്ഷണമായി. ഡൽഹി കേസിൽ ഡൽഹി സെഷൻസ് കോടതി നേരത്തെ തന്നെ ജാമ്യം അനുവദിച്ചതിനാൽ യു.പി കേസുകളിലെ ഉത്തരവോടെ സുബൈറിന്‍റെ ജയിൽ മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങുകയായിരുന്നു.
യു.പി പൊലീസിന്‍റെ മുഴുവൻ എഫ്.ഐ.ആറുകളും റദ്ദാക്കണമെന്ന പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറിന്‍റെ ആവശ്യം ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു സുപ്രീംകോടതി. വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കലിനും മതനിന്ദക്കും യു.പി പൊലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഡൽഹി പൊലീസ് സ്പെഷൽ സെല്ലിന് കൈമാറാനും സുബൈറിനെതിരായ അന്വേഷണങ്ങൾക്ക് യു.പി സർക്കാർ രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) പിരിച്ചുവിടാനും ബെഞ്ച് ഉത്തരവിട്ടു. ഇത് കൂടാതെ ട്വീറ്റുകളുടെ പേരിൽ തനിക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സുബൈറിന് ഡൽഹി ഹൈകോടതിയെ സമീപിക്കാം.
സുബൈറിനെതിരെ ആറ് കേസുകളിലായി യു.പി പൊലീസ് ചുമത്തിയ വകുപ്പുകളെല്ലാം ഡൽഹി പൊലീസ് ചുമത്തിയതാണെന്നും ആരോപണങ്ങളെല്ലാം ഡൽഹി പൊലീസ് സമഗ്രമായി അന്വേഷിച്ചതാണെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണങ്ങൾക്കൊടുവിൽ സുബൈറിന് ജാമ്യം ലഭിക്കുകയും ചെയ്തതാണ്. അതിനാൽ യു.പിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഇനിയില്ല.
'ടൈംസ് നൗ' ചാനലിൽ നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്നതിലൂടെ അന്തർദേശീയ സമൂഹത്തിന് മുന്നിൽ മോദി സർക്കാറിനെയും ബി.ജെ.പിയെയും കടുത്ത പ്രതിരോധത്തിലാക്കിയ സുബൈറിനെ അറസ്റ്റ് ചെയ്യാൻ ഹിന്ദുത്വ വാദികൾ തുടങ്ങിയ കാമ്പയിനാണ് അറസ്റ്റിലും ജയിൽവാസത്തിലും നിരവധി കേസുകളിലും കലാശിച്ചത്. 'ഹനുമാൻ ഭക്ത് എന്ന വ്യാജ ഐ.ഡി ഉടമ നൽകിയ പരാതിയിലാണ് ഡൽഹി പൊലീസിന്‍റെ ആദ്യ അറസ്റ്റ്.
വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നതിനുള്ള 153എ, മതനിന്ദക്കുള്ള 295 എ വകുപ്പുകൾ ചുമത്തിയ ഡൽഹി പൊലീസിനെ പിന്തുടർന്ന് യു.പി പൊലീസ് കേസുകളുടെ പരമ്പരകളുമായി രംഗത്തുവന്നു. ആരോഗ്യകരമായ ജനാധിപത്യത്തിന് വിയോജിപ്പിന്‍റെ ശബ്ദം അനിവാര്യമാണെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്ത 2018ലെ ട്വീറ്റ് കേസിൽ ഡൽഹി സെഷൻസ് കോടതി ജാമ്യം നൽകിയതിന് പിന്നാലെയാണ് സീതാപുർ, ലഖിംപുർ ഖേരി, മുസഫർ നഗർ, ഗാസിയബാദ്, ഹാഥറസ്, ചന്ദോളി കേസുകളിലെല്ലാം ജാമ്യം നൽകിയാണ് സുപ്രീംകോടതി മോചനത്തിന് വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.