ബംഗളൂരു: ബി.ജെ.പി സർക്കാർ അധികാരത്തിൽ രണ്ടു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന കർണാടകയിൽ പുറത്തേക്ക് നാളുകളെണ്ണി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. സർക്കാർ അധികാരമേറിയതിന്‍റെ രണ്ടാം വാർഷികമായ ജൂലൈ 26ന് ചേരുന്ന പാർട്ടി സാമാജികരുടെ യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ഉന്നത തല ചർച്ചകളുടെ ഭാഗമായി ന്യൂഡൽഹിയിലെത്തിയ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി പ്രസിഡന്‍റ് ജെ.പി നദ്ദ തുടങ്ങിയവരെ കണ്ടു മടങ്ങി.
പിൻഗാമിയെ തെരഞ്ഞെടുക്കുന്നത് ദേശീയ നേതൃത്വമാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെന്നും എന്നാൽ, യെദ്യൂരപ്പയുടെ സമ്മതത്തോടെയാകുമെന്നും പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
രാജിവാർത്ത നേരത്തെ യെദ്യൂരപ്പ തള്ളിയിരുന്നു. ''നേതാക്കൾ പാർട്ടി ശക്തിപ്പെടുത്തണമെന്നാണ് ആവശ്യെപ്പട്ടത്. പ്രധാനമന്ത്രി മോദിയും ഇന്നെല അതേ കാര്യം തന്നെ പറഞ്ഞു. ഞാൻ പിൻവാങ്ങില്ല. പാർട്ടിയെ അധികാരത്തിൽ തിരികെയെത്തിക്കാൻ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ശ്രമിക്കും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 25 സീറ്റ് നേടാൻ സഹായിക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു''- അദ്ദേഹത്തിന്‍റെ വാക്കുകൾ.
എന്നാൽ, ഇതുപറഞ്ഞതിന് പിറകെയായിരുന്നു ബി.ജെ.പി നിയമസഭകക്ഷി യോഗം ജൂലൈ 26ന് വിളിച്ചത്. ഭരണത്തിൽ കുടുംബം ഇടപെടുന്നതുൾപെടെ പ്രശ്നങ്ങളാണ് യെദ്യൂരപ്പക്കെതിരെ കടുത്ത പ്രതിഷേധത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.