രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ വധിച്ച ഗോഡ്സേയുടെ പേരിൽ ലൈബ്രറി തുറന്ന് ഹിന്ദുമഹാസഭ. വിശ്വ ഹിന്ദി ദിവസ് ആയ ഞായറാഴ്ചയാണ് ഗ്വാളിയോറിൽ ഗാന്ധിജിയുടെ കൊലയാളിയായ നാഥുറാം വിനായക ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിച്ചത്. ഗോഡ്സേയുടെ ജീവിതവും പ്രത്യയശാസ്ത്രവും പഠിപ്പിക്കാനാണ് ലൈബ്രറി തുറന്നത്. ദൗലത് ഗഞ്ചിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് 'ഗോഡ്സെ ഗ്യാൻ ശാല' ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ വധത്തെ ഗോഡ്സെ എങ്ങനെ ആസൂത്രണം ചെയ്തു എന്നതിനെകുറിച്ചുള്ള സാഹിത്യവും പ്രസംഗങ്ങളും ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഗോഡ്സെ എന്ന യഥാർഥ ദേശീയവാദിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ലൈബ്രറി തുറന്നത്. അവിഭക്ത ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. ഇന്നത്തെ അജ്ഞരായ യുവാക്കളിൽ അദ്ദേഹം നിലകൊള്ളുന്ന യഥാർഥ ദേശീയത വളർത്തുകയാണ് ലൈബ്രറിയുടെ ലക്ഷ്യം'-ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജൈവീർ ഭരദ്വാജ് പറഞ്ഞു. രാഷ്ട്രങ്ങൾ ഭരിക്കാൻ ആഗ്രഹിച്ച ജവഹർലാൽ നെഹ്റുവിേന്റയും മുഹമ്മദ് അലി ജിന്നയുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനാണ് ഇന്ത്യ വിഭജിച്ചതെന്നും ഭരദ്വാജ് പറഞ്ഞു. ഗാന്ധിജിയെ വധിക്കാൻ പദ്ധതിയിട്ടതും പിസ്റ്റൾ വാങ്ങിയതും ഗ്വാളിയോറിലായതിനാലാണ് ലൈബ്രറി ഇവിടെതന്നെ സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ഗോഡ്സെക്കായി സമർപ്പിച്ച ഒരു ക്ഷേത്രം മഹാസഭ അവരുടെ ഗ്വാളിയോർ ഓഫീസിൽ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്‍റെ പ്രതിഷേധത്തെതുടർന്നാണ് ഇത് നീക്കം ചെയ്തത്. ഇന്ത്യ വിഭജനം മഹാത്മാഗാന്ധിയുടെ പിഴവാണെന്ന് മധ്യപ്രദേശ് പ്രോടേം സ്പീക്കർ രമേശ്വർ ശർമ ഞായറാഴ്ച വിശേഷിപ്പിച്ചു. ഇന്ത്യയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിൽ മുഹമ്മദ് അലി ജിന്ന വിജയിച്ചതിന് കാരണം മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.