ന്യൂഡൽഹി: രാജ്യത്തെ ഏകാധിപത്യത്തിനെതിരെ ഒരുമിച്ച് പോരാടാൻ പാർട്ടി പ്രവർത്തകരോടും ജനങ്ങളോടും ആഹ്വാനം ചെയ്ത് മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ. ആരും ഭരണഘടനക്ക് അതീതരല്ല. ഏകാധിപത്യം നേതാക്കളെ ജയിലിലടക്കുക മാത്രമല്ല, ജനജീവിതം ദുസ്സഹമാക്കുക കൂടിയാണ് ചെയ്യുന്നതെന്നും സിസോദിയ പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ജാമ്യംനേടി പുറത്തിറങ്ങിയതിനു പിന്നാലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജ്യത്തെ സത്യസന്ധതയുടെ പ്രതീകമാണ്. കെജ്രിവാളിന്‍റെ പദ്ധതികൾ ജനപ്രിയമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രതിഛായ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. പ്രതിപക്ഷ നേതാക്കൾ ഏകാധിപത്യത്തിനെതിരെ ഒന്നിച്ചുനിന്നാൽ 24 മണിക്കൂറിനകം കെജ്രിവാൾ ജയിലിൽനിന്ന് പുറത്തിറങ്ങും. ഇന്നലെ ഏകാധിപത്യത്തിനെതിരെ സുപ്രീംകോടതി നിലനിന്നതോടെയാണ് എനിക്ക് ജാമ്യം ലഭിച്ചത്” -സിസോദിയ പറഞ്ഞു.
ജയിലായിരുന്നപ്പോൾ ജാമ്യം നേടുന്നതിനേക്കാൾ തന്നെ വിഷമിപ്പിച്ചത്, ബി.ജെ.പിക്ക് സംഭാവന നൽകിയില്ലെന്ന കാരണത്താൽ വ്യവസായികളെ കള്ളക്കേസിൽ കുടുക്കി തുറുങ്കിലടക്കുന്ന കാഴ്ചയാണെന്നും സിസോദിയ പറഞ്ഞു. 17 മാസത്തെ ജയിൽവാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജാമ്യം നേടിയത്. രണ്ട് ആള്‍ജാമ്യവും 10 ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.