ചണ്ഡിഗഢ്: ബി.ജെ.പി-ജെ.ജെ.പി (ജന്‍നായക് ജനത പാര്‍ട്ടി) സഖ്യം തകർന്നതിനെ തുടർന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും മന്ത്രിമാരും രാജിവെച്ച ഹരിയാനയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നായബ് സിങ് സെയ്‌നി മുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് അഞ്ചിനാകും സത്യപ്രതിജ്ഞ. കുരുക്ഷേത്ര മണ്ഡലത്തിലെ എം.പി കൂടിയാണ് സെയ്‌നി. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് ബി.ജെ.പി വീണ്ടും സർക്കാർ രൂപവത്കരിക്കുക. അഞ്ച് ജെ.ജെ.പി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചതായും സൂചനയുണ്ട്. ജോഗി റാം സിഹാഗ്, രാം കുമാർ ഗൗതം, ദേവീന്ദർ ബബ്ലി, ഈശ്വർ സിങ്, രാംനിവാസ് എന്നിവർ ബി.ജെ.പി പാളയത്തിലെത്തിയതായാണ് റിപ്പോർട്ട്. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല വിളിച്ച യോഗത്തിൽനിന്ന് ഇവർ വിട്ടുനിന്നതോടെയാണ് അഭ്യൂഹം ശക്തമായത്.
90 അംഗ ഹരിയാന നിയമസഭയിൽ 41 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 46 എം.എൽ.എമാരുടെ പിന്തുണ വേണ്ടതിനാൽ പത്ത് എം.എൽ.എമാരുള്ള ജെ.ജെ.പിയുടെ പിന്തുണയിലാണ് ബി.ജെ.പി ഭരിച്ചിരുന്നത്. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയും രണ്ടുപേരെ മന്ത്രിയുമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന് 30 അംഗങ്ങളാണുള്ളത്.
ലോക്സഭ സീറ്റിനെ ചൊല്ലി ഇരുപാർട്ടികളും തമ്മിൽ തർക്കം രൂക്ഷമായതോടെയായിരുന്നു ഖട്ടറിന്‍റെ രാജി. രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്.
ഹിസാര്‍, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെ.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച അവർ 4.9 ശതമാനം വോട്ട് നേടിയിരുന്നു. രാജിവെച്ച ഖട്ടർ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന. കര്‍ണ മണ്ഡലത്തില്‍നിന്ന് മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.