രാജ്യം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച എട്ട് ലോക്സഭാ മണ്ഡലങ്ങളിലെ 1.44 കോടി വോട്ടർമാർ ഒരു തരംഗവുമില്ലാതെ പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർഥികളുടെ ബലാബലത്തിൽ എൻ.ഡി.എയും ഇൻഡ്യയും സാധ്യതയിൽ ഒപ്പത്തിനൊപ്പം. രണ്ടിടങ്ങളിൽ വീതം എൻ.ഡി.എയും ഇൻഡ്യ സഖ്യവും ജയസാധ്യത കൽപിക്കുമ്പോൾ രണ്ട് മണ്ഡലങ്ങളിൽ ഇരുകൂട്ടരും ബലാബലത്തിലാണ്.
മായാവതിയുടെ ബി.എസ്.പിയും ചന്ദ്രശേഖർ ആസാദ് രാവണിന്റെ ആസാദ് സമാജ് പാർട്ടി(കാൻഷി റാം)യും കടുത്ത മത്സരത്തിനിറങ്ങി രണ്ടിടങ്ങളിൽ പ്രവചനാതീതമായ ത്രികോണ മത്സരമാക്കി മാറ്റി.
വരുൺ ഗാന്ധിയെ മാറ്റിയ പിലിഭിത്തിലും അഅ്സം ഖാന്റെ തട്ടകമായ റാംപൂരിലും ബി.ജെ.പിക്കാണ് മുൻതൂക്കമെങ്കിൽ സമാജ് വാദി പാർട്ടിയുടെ ഇക്റ ഹസൻ മത്സരിക്കുന്ന കൈരാനയിലും രുചി വീര മത്സരിക്കുന്ന മുറാദാബാദിലും ഇൻഡ്യ സഖ്യത്തിനാണ് മേൽക്കൈ.
2013ലെ കലാപത്തിൽ ആരോപണവിധേയനായ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സഞ്ജീവ് ബാലിയാൻ മത്സരിക്കുന്ന മുസഫർനഗറിലും മൂന്ന് തെരഞ്ഞെടുപ്പുകളിലും തോറ്റ കോൺഗ്രസ് നേതാവ് ഇംറാൻ മസൂദ് നാലാമതും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ സഹാറൻപൂരിലുമാണ് ഇൻഡ്യയും എൻ.ഡി.എയും ഇഞ്ചോടിഞ്ച് പോരടിക്കുന്നത്.
മുസഫർനഗറിൽ ജാട്ട് നേതാവും മുൻ രാജ്യസഭാംഗവുമായ സമാജ്വാദി പാർട്ടിയുടെ ഹരേന്ദ്ര മാലികും സഹാറൻപൂരിൽ 2014ൽ ജയിച്ച് 2019ൽ തോറ്റ രാഘവ് ലഖൻപാലും പ്രചാരണത്തിന്റെ അവസാന ലാപിലും വിട്ടുകൊടുക്കാതെ മത്സരം വീറുറ്റതാക്കി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ സ്വന്തം രാഷ്ട്രീയ പാർട്ടിയായ ആസാദ് സമാജ് പാർട്ടി(കാൻഷി റാം) സ്ഥാനാർഥിയായി നഗീനയിലും
ബി.എസ്.പി ടിക്കറ്റിലിറങ്ങി ജാട്ട് നേതാവ് ബിജേന്ദ്ര ചൗധരി ബിജ്നോറിലും ത്രികോണ മത്സരം ഒരുക്കി ഫലം പ്രവചനാതീതമാക്കി. പട്ടിക ജാതി സംവരണ സീറ്റായ നഗീനയിൽ ഏറ്റവും നിർണായകമായ മുസ്ലിം വോട്ടുകൾ ഗണ്യമായ തോതിൽ ചന്ദ്രശേഖർ ആസാദിലേക്ക് മറിയുമെന്ന നില വന്നതോടെ അദ്ദേഹത്തിന് ജയിക്കാനായില്ലെങ്കിൽ പിന്നെ ബി.ജെ.പിയുടെ ഓം കുമാർ ജയിക്കുമെന്നതാണ് സ്ഥിതി.
ഒന്നാം ഘട്ടത്തിൽ രാഷ്ട്രീയ ലോക്ദളിന്റെയും ജയന്ത് ചൗധരിയുടെയും അഭിമാന പോരാട്ടം നടക്കുന്ന ബിജ്നോറിൽ ആർ.എൽ.ഡി സ്ഥാനാർഥി ചന്ദൻ ചൗഹാനെതിരെ സമാജ് വാദി പാർട്ടിയുടെ ദീപക് സൈനിയോടൊപ്പം ബി.എസ്.പിയുടെ ബിജേന്ദ്ര ചൗധരി കൂടി ഇറങ്ങി മത്സരം ത്രികോണമാക്കി. ബി.എസ്.പിക്കും എസ്.പിക്കുമിടയിൽ വോട്ടുകൾ ഭിന്നിച്ചാൽ ബിജ്നോറിലെ ജയം ആർ.എൽ.ഡിക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.