ന്യൂഡൽഹി: വഖഫ് ബില്ലിൽ എതിർപ്പറിയിച്ച് ജെ.ഡി.യു. ഇതോടെ എൻ.ഡി.എയിൽ വിഷയത്തിൽ എതിർപ്പറിയിക്കുന്ന മൂന്നാമത്തെ പാർട്ടിയായി ജെ.ഡി.യു മാറി. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും വഖഫ് ബില്ലിൽ ആശങ്ക അറിയിച്ചിരുന്നു.
വഖഫ് ബില്ലിൽ മുസ്‍ലിം സമുദായത്തിന്റെ താൽപര്യം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ജെ.ഡി.യു വ്യക്തമാക്കി. നേരത്തെ പാർട്ടി എം.പി രാജീവ് രഞ്ജൻ ലോക്സഭയിൽ വഖഫ് ബില്ലിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് നിലപാട് മാറ്റമുണ്ടായിരിക്കുന്നത്.
രാജീവ് രഞ്ജന്റെ പ്രസംഗത്തിന് പിന്നാലെ സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മൊഹദ് സമ ബില്ലിലുള്ള ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി വിജയ് കുമാർ ചൗധരിയും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ജെ.ഡി.യു വർക്കിങ് പ്രസിഡന്റ് സഞ്ജ് ഝാ കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവുമായി കൂടിക്കാഴ്ച നടത്തി ബില്ലിലെ വിയോജിപ്പ് അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.
ബില്ലിനെ പൂർണമായും എതിർക്കുന്നില്ലെങ്കിലും ചില മാറ്റങ്ങൾ വേണമെന്നാണ് ജെ.ഡി.യുവിന്റെ നിലപാട്. നേരത്തെ വഖഫ് ബില്ലിലെ വിവാദ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.