ന്യൂഡൽഹി: അതിർത്തിത്തർക്കം പരിഹരിക്കുന്നതിൽ ഇരുകൂട്ടർക്കും സ്വീകാര്യമായതും നീതിയുക്തവുമായ ചട്ടക്കൂടുണ്ടാക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. വിഷയത്തിൽ കൃത്യമായ സമീപനം രൂപപ്പെടുത്താതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകില്ലെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.
ചൈനയുടെ നടപടികൾകൊണ്ട് 2020 മുതൽ അതിർത്തിയിൽ സമാധാനപരമായ അന്തരീക്ഷമില്ല. അവർ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ-മേയ് മാസങ്ങളിൽ കിഴക്കൻ ലഡാക്കിലെ വിവിധ അതിർത്തികളിൽ സംഘർഷമുണ്ടായി.
ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യക്ക് വലിയ തോതിൽ ആയുധ വിന്യാസം നടത്തേണ്ടിവന്നിട്ടുണ്ട്. നിരന്തര നയതന്ത്ര ശ്രമങ്ങളിലൂടെയാണ് ഇപ്പോൾ ചൈന ബന്ധത്തിൽ ചില മാറ്റങ്ങളുണ്ടായത്. വിഷയം സ്ഥായിയായി പരിഹരിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതാകും മുന്നോട്ടുള്ള പ്രയാണത്തിന്റെ അടിത്തറ. കോവിഡ് മഹാമാരിയുടെ സാഹചര്യമായിരുന്നിട്ടും ഗതാഗത-ചരക്കുനീക്കം സുഖകരമല്ലാതിരുന്നിട്ടും ഇന്ത്യൻ സേനക്ക് ചൈനീസ് സേനയെ പൊടുന്നനെ പ്രതിരോധിക്കാനായെന്നും ജയ്ശങ്കർ പറഞ്ഞു.
കിഴക്കൻ ലഡാക്കിലുടനീളം സേനാ പിന്മാറ്റം ഘട്ടം ഘട്ടമായി പൂർത്തിയായെന്നും ഇനി ശേഷിക്കുന്ന വിഷയങ്ങളിലുള്ള ചർച്ച പ്രതീക്ഷിക്കുകയാണെന്നും ജയ്ശങ്കർ പാർലമെന്റിൽ വ്യക്തമാക്കി. ഈ വിഷയങ്ങൾ നേരത്തേ അജണ്ടയിലുണ്ട്. ഏതു സാഹചര്യത്തിലും മൂന്ന് നിർണായക തത്ത്വങ്ങൾ പാലിക്കണമെന്ന് ഇന്ത്യ എക്കാലവും പറയുന്നതാണ്. യഥാർഥ നിയന്ത്രണരേഖ (എൽ.എ.സി) ഇരുരാജ്യങ്ങളും കർശനമായി മാനിക്കുക, ഏകപക്ഷീയമായി തൽസ്ഥിതി മാറ്റാൻ ഒരുരാജ്യവും ശ്രമിക്കാതിരിക്കുക, നേരത്തേയുള്ള കരാറുകളും ധാരണകളും പൂർണമായി പാലിക്കുക എന്നീ കാര്യങ്ങളാണിത്.
1962ലെ സംഘർഷത്തിനുശേഷം അക്സായ് ചിന്നിലെ ഇന്ത്യയുടെ 38,000 സ്ക്വയർ കിലോമീറ്റർ ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുകയാണ്. 1948 മുതൽ പാകിസ്താൻ അധീനതയിലായിരുന്ന 5180 സ്ക്വയർ കിലോമീറ്റർ പ്രദേശം ആ രാജ്യം നിയമവിരുദ്ധമായി 1963ൽ ചൈനക്ക് നൽകുകയും ചെയ്തു. നിരവധി കാലങ്ങളായി ഇന്ത്യയും ചൈനയും അതിർത്തി വിഷയത്തിൽ ചർച്ച തുടരുകയാണ്. യഥാർഥ നിയന്ത്രണരേഖ എന്നൊന്നുണ്ട്. എന്നാൽ, ചില പ്രദേശങ്ങൾ സംബന്ധിച്ച് പൊതുധാരണ ആയിട്ടില്ലെന്നും ജയ്ശങ്കർ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.