ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 380 കോവിഡ് മരണം. ഇതോടെ മരണസംഖ്യ 9900 ആയി ഉയർന്നു. 10,667പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം 3,43,091 ആയി ഉയർന്നതായും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു. 1,53,178 പേർ നിലവിൽ ചികിത്സയിലുണ്ട്. 1,80,013 പേർ രോഗമുക്തി നേടി.
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, ഗുജറാത്ത്, ബിഹാർ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 2786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. 178 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4128 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 1,10,744 ആയി വർധിക്കുകയും ചെയ്തു.
തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ നാലു ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ മാത്രമേ ഇവിടെ അനുവദിക്കൂ. തമിഴ്നാട്ടിൽ കഴിഞ്ഞദിവസം 44 പേർ മരിക്കുകയും 1800 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട്ടിൽ ഇതുവരെ 479 പേരാണ് മരിച്ചത്. 46,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതേസമയം രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഗുജറാത്ത്, ഡൽഹി സർക്കാറുകൾ വീണ്ടും ലോക്ഡൗൺ കർശനമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.