ന്യൂഡൽഹി: പത്തുദിവസത്തിനുള്ളിൽ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷമായി ഉയരാൻ സാധ്യത. അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷമായേക്കാമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടുദിവസത്തിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 7.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 3,32,424 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 9,520 ആയി ഉയരുകയും ചെയ്തു. രാജ്യത്തെ മരണനിരക്കിൽ 7.2 ശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞ 16 ദിവസത്തിനിടെ രാജ്യത്തെ മരണസംഖ്യ ഇരട്ടിയായി ഉയർന്നു.
ഉയരുന്ന കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും രാജ്യത്തെ ആരോഗ്യ മേഖലയെ താളം തെറ്റിക്കുന്നുണ്ട്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൂടുതൽ രോഗബാധിതർ. കഴിഞ്ഞയാഴ്ച രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 53,030 ആണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം. ഇവിടെ 3950 പേരാണ് മരിച്ചത്. ഗുജറാത്തിൽ 1477 പേരും ഡൽഹിയിൽ 1327 പേരും പശ്ചിമബംഗാളിൽ 475 പേരും മധ്യപ്രദേശിൽ 459 പേരും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് മരണത്തിൽ 81ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. ഹരിയാന, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മരണനിരക്കിൽ കഴിഞ്ഞ ഏഴുദിവസത്തിനിടെ വൻവർധനയാണ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ 24,032 പേരും തമിഴ്നാട്ടിൽ 19,679 പേരും ഗുജറാത്തിൽ 5,742 പേരും ചികിത്സയിലുണ്ട്. പശ്ചിമബംഗാളിൽ 5552 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് 1,53,106 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,69,798 പേർ രോഗമുക്തി നേടി. രണ്ടു ദിവസത്തിനിടെ ചെന്നൈ, മുംബൈ, താനെ, പൂണെ, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കോവിഡ് മരണം ഇരട്ടിയാകാൻ 16 ദിവസം വേണ്ടിവന്നു. 17 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.