ന്യൂഡൽഹി: ജർമനിയിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ വിസയിൽ വർധന വരുത്താൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ ഇന്ത്യ സന്ദർശനത്തിൽ തീരുമാനം. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കായി നൽകിയിരുന്ന 20,000 തൊഴിൽ വിസകൾ 90,000 ആക്കി വർധിപ്പിക്കാനാണ് ജർമനി തീരുമാനിച്ചത്. ഇന്ത്യ-ജർമൻ ‘അന്തർ സർക്കാർ കൂടിയാലോചന’ക്കു ശേഷം ഷോൾസിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനം അറിയിച്ചത്. പ്രതിരോധ, ഊർജ, സെമി കണ്ടക്ടർ, ശാസ്ത്ര സാങ്കേതിക വിദ്യ മേഖലയിൽ പങ്കാളിത്തം മെച്ചപ്പെടുത്താനും ഭീകരപ്രവർത്തനം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും പരസ്പരം സഹകരിക്കാനും രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ പരസ്പരം സൂക്ഷിക്കാനും കൈമാറാനുമുള്ള വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇരു രാജ്യങ്ങളും 18 കരാറുകളിൽ ധാരണയായെന്നും അതിൽ എട്ടു കരാറുകൾ ഇരു രാഷ്ട്ര നേതാക്കൾക്കും മുന്നിൽതന്നെ ഒപ്പുവെച്ചുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഇന്ത്യയുടെ വളർച്ചക്കൊപ്പം ചേരേണ്ട സമയമാണിതെന്നും രാജ്യം വ്യാപാര നിർമാണങ്ങളുടെ അന്താരാഷ്ട്ര ഹബ്ബായി മാറുകയാണെന്നും മോദി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജർമൻ ചാൻസലർ, നരേന്ദ്ര മോദിയുമായി 7 ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. അതിന് ശേഷമായിരുന്നു ഷോൾസിന്റെയും മോദിയുടെയും നേതൃത്വത്തിൽ ഹൈദരാബാദ് ഹൗസിൽ ഇന്ത്യ-ജർമൻ ‘അന്തർ സർക്കാർ കൂടിയാലോചന’യും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളുടെ കൈമാറ്റവും നടന്നു. ഹോട്ടൽ താജ് പാലസിൽ ജർമനിയിലെയും ഇന്തോ പസിഫിക് രാജ്യങ്ങളിലെയും വ്യവസായികൾ, എക്സിക്യൂട്ടിവുകൾ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവരുടെ ദ്വിവർഷ സംഗമമായ എ.പി.കെയിൽ മോദിയും ഷോൾസും പങ്കെടുത്തു.
വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കായി ജർമനി തുറന്നിട്ടിരിക്കുകയാണെന്ന് ഷോൾസ് പ്രഖ്യാപിച്ചു. യുക്രെയ്ൻ, പശ്ചിമേഷ്യ സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ശ്രമങ്ങൾക്ക് സംഭാവന അർപ്പിക്കാൻ ഇന്ത്യ തയാറാണെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.