വാഷിങ്ടൺ: കാനഡയിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും ഉദ്യോഗസ്ഥരും നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അവിടെ നടക്കുന്ന അക്രമസംഭവങ്ങൾ ന്യായീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ലോകത്ത് മറ്റെവിടെയെങ്കിലുമാണ് ഇത്തരം സംഭവങ്ങൾ നടന്നിരുന്നതെങ്കിൽ സമചിത്തതയോടെ കൈകാര്യം ചെയ്യുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. അഞ്ചുദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി വാഷിങ്ടണിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് കാനഡക്കെതിരെ ആഞ്ഞടിച്ചത്.
‘‘നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ ബോംബെറിഞ്ഞു. കോൺസുലേറ്റുകൾക്കു മുന്നിൽ ആക്രമണം നടന്നു. പോസ്റ്ററുകളും പതിച്ചു. ഇതൊക്കെ സാധാരണമാണെന്ന് കരുതുന്നുണ്ടോ? മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര കാര്യാലയത്തിനു നേരെയായിരുന്നു ആക്രമണമെങ്കിൽ എങ്ങനെയായിരിക്കും പ്രതികരണം.
കുറച്ചുവർഷമായി കാനഡയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. തീവ്രവാദത്തിനും അക്രമങ്ങൾക്കുമുള്ള മൗനാനുവാദമാണ് എല്ലാത്തിനും കാരണം. കുറ്റവാളികളെ കൈമാറാനുള്ള ചില അഭ്യർഥനകൾക്ക് അവരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ല’’ -ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യക്കെതിരെ സംഘടിത കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന രാജ്യമാണ് കാനഡയെന്നും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംവാദത്തിൽ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയുടെയും വിളനിലമാണ് ആ രാജ്യം. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സമാധാനപരമായി ജോലി നിർവഹിക്കാനാകുന്നില്ല. അവർ പരസ്യമായി അപമാനിക്കപ്പെടുന്നു. മറ്റേതെങ്കിലും ജി7, കോമൺവെൽത്ത് രാജ്യത്ത് ഇത്തരം സംഭവങ്ങൾ അനുവദിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുപിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നയതന്ത്ര പ്രതിനിധികളെ പരസ്പരം പുറത്താക്കുകയും കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി കാനഡക്കെതിരെ പരസ്യമായി ആഞ്ഞടിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.