ന്യൂഡൽഹി: കഴിഞ്ഞ പത്തു വർഷത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തി വിദ്യാഭ്യാസം നേടുന്നവരിൽ 42% വർധന. തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും അധികം വിദ്യാർഥികൾ ഇന്ത്യയിലെത്തുന്നത്. ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ (എ.ഐ.എസ്.എച്ച്.ഇ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2012-13 മുതൽ 2019-20 വരെയുള്ള കാലയളവിലെ സർവ്വേ റിപ്പോർട്ടാണ് എ.ഐ.എസ്.എച്ച്.ഇ പുറത്തു വിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തുന്നത് നേപ്പാളിൽ നിന്നാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളും മുന്നിൽ തന്നെയുണ്ട്. എന്നാൽ ഭൂട്ടാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇക്കാലയളവിൽ കുറഞ്ഞു. 2012-13 കാലയളവിൽ ഭൂട്ടാനിൽ നിന്ന് 2,468 വിദ്യാർഥികൾ എത്തിയപ്പോൾ 2019-20ൽ 1,851 പേർ മാത്രമാണ് എത്തിയത്. 2012-13ൽ 1,874 ആയിരുന്ന മലേഷ്യൻ വിദ്യാർഥികൾ 2019-20ൽ 1,353 ആയി കുറഞ്ഞു. എന്നാൽ 776 പേർ മാത്രമായിരുന്ന ബംഗ്ലാദേശിൽ നിന്ന് 2019-20ൽ 2,259 വിദ്യാർഥികൾ എത്തി.
'സാർക്ക്' രാജ്യങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻ (ഐ.സി.സി.ആർ) നിരവധി സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. അതുകൊണ്ടാണ് അവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ വർധനയുണ്ടയതെന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് മുൻ സെക്രട്ടറി ജനറൽ ഫുർഖാൻ ഒമർ 'ദി പ്രിന്റി'നോട് പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ളവർക്കും ചില സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ മലേഷ്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിച്ചതോടെയാണ് അവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെത്തുന്നവരിൽ ഏറ്റവും കൂടുതൽ ബിരുദ വിദ്യാർഥികളാണ്. ബി.ടെക്, ബി.എസ്.സി, ബി.ബി.എ വിദ്യാർഥികളാണ് അധികവും. ബിരുദാനന്തര ബിരുദ-ഗവേഷണ വിദ്യാർഥികളും കുറവല്ല. എന്നാൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കായി എത്തുന്നവർ വളരെ കുറവാണ്. 2019-20 കാലയളവിൽ 9,503 പേരാണ് ബി.ടെക് പഠിക്കാനെത്തിയത്. 3,967 പേർ ബി.എസ്.സിയും, 3,290 പേർ ബി.ബി.എയും തിരഞ്ഞെടുത്തു. ഹ്യൂമാനിറ്റിസ് വിദ്യാർഥികളാണ് കൂട്ടത്തിൽ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.