ചണ്ഡിഗഡ്: മൂന്ന് ദിവസത്തിനിടെ ഹരിയാനയിൽ രണ്ടാമത്തെ ദുരഭിമാനക്കൊല. പാനിപത്തിൽ വെള്ളിയാഴ്ച രാത്രിയാണ് നീരജ് എന്ന 23കാരനെ ഭാര്യയുടെ സഹോദരന്മാർ കുത്തിക്കൊന്നത്. പാനിപ്പത്തിലെ തിരക്കേറിയ മാർക്കറ്റിൽ വെച്ച് ഭാര്യാസഹോദരന്മാർ 12ലധികം തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്ന പ്രതികളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഇതര സമുദായത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചത് മുതൽ നീരജ് ഭാര്യാവീട്ടിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്ന് സഹോദരൻ ജഗദീഷ് പറഞ്ഞു. ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷമാണ് നീരജിനെ കൊന്നതെന്നും ജഗദീഷ് നൽകിയ പരാതിയിൽ പറയുന്നു. കൊലപാതകത്തിന് മുമ്പ് സഹോദരിയെ ഫോണിൽ വിളിച്ച പ്രതികൾ 'നീ ഉടൻ കരയും' എന്ന് പറഞ്ഞതായും ജഗദീഷ് വ്യക്തമാക്കി.
'കുറേ നാളുകളായി അവർ നീരജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഞങ്ങൾ പൊലീസിൽ പരാതിപ്പെടുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ല. അവർ ഇേപ്പാളും വിളിച്ച് ഇനിയും കൂടുതൽ മരണങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. പക്ഷേ, പൊലീസ് നിഷ്ക്രിയരാണ്'- ജഗദീഷ് പറയുന്നു.
ഒന്നരമാസം മുമ്പാണ് നീരജിന്‍റെ വിവാഹം നടന്നത്. 'ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് കുടുംബാംഗങ്ങൾ തമ്മിൽ ഗ്രാമമുഖ്യന്‍റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ധാരണയായതാണ്. ഇരുകൂട്ടരും ഇത് സമ്മതിച്ച് ഒപ്പുവെച്ചിരുന്നു. എന്നാൽ, യുവതിയുടെ സഹോദരന്മാർ ഇതിന് സമ്മതിച്ചിരുന്നില്ല. അവർ ദമ്പതികളെ പലതവണ ഭീഷണിപ്പെടുത്തി' -ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ വാത്സ് പറഞ്ഞു.
കേസെടുത്ത പൊലീസ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം റോത്തക്കിൽ കോടതിയിൽ വെച്ച് കല്യാണം കഴിക്കാൻ തീരുമാനിച്ച യുവതിയെ അമ്മാവൻ വെടിവെച്ച് കൊന്നിരുന്നു. വെടിയേറ്റ വരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും ജാട്ട് സമുദായത്തിൽപ്പെട്ടവർ ആണെങ്കിലും വ്യത്യസ്ത ഗ്രാമത്തിൽ നിന്നുള്ളവരാണെന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.