ബംഗളൂരു: കേന്ദ്ര ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ പുതിയ ബഹിരാകാശ നയത്തിെൻറ ഭാഗമായി (സ്പെയ്സ് കോം പോളിസി-2020) ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി ഉപഗ്രഹം ഉണ്ടാക്കാനും വിൽപന നടത്താനും അവസരമൊരുങ്ങുന്നു. ബഹിരാകാശ മേഖലയിൽ ഐ.എസ്.ആർ.ഒക്കൊപ്പം ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്കുകൂടി അവസരമൊരുക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശ വാർത്താവിനിമയ നയം-2020 (സ്പേയ്സ്കോം പോളിസി) എന്ന പേരിൽ പൊതുജനാഭിപ്രായം തേടിക്കൊണ്ട് കരടുരൂപം പുറത്തിറക്കി.
ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള കരടുനയത്തിൽ നവംബർ നാലുവരെ അഭിപ്രായമറിയിക്കാം. നിലവിൽ വാർത്താവിനിമയ സേവനങ്ങൾക്കായുള്ള ബഹിരാകാശ മേഖലയിലെ വിഭവങ്ങൾ ഉപയോഗിക്കാൻ കഴിയുന്നതിനൊപ്പമാണ് സ്വകാര്യ കമ്പനികൾക്ക് പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും വിൽക്കാനും കഴിയുക.
ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും കൺട്രോൾ സെൻററുകൾ സ്ഥാപിക്കാനും ബഹിരാകാശ സേവനങ്ങൾ വിദേശ ഉപഭോക്താക്കൾക്ക് നൽകാനും ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്ക് കഴിയും.
നിലവിലുള്ള സാറ്റ്കോം നയത്തിലുള്ള ബഹിരാകാശ വിഭവങ്ങളുടെ സംരക്ഷണവും ഉപയോഗവും എല്ലാം അതുപോലെ നിലനിർത്തിക്കൊണ്ടുതന്നെ ദേശീയ സുരക്ഷ മുൻനിർത്തി സ്വകാര്യ മേഖലയെ ബഹിരാകാശ മേഖലയിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ നയമെന്ന് ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. കെ. ശിവൻ പറഞ്ഞു.
ഇത് ആദ്യഘട്ടം മാത്രമാണ്. ഇനി വിക്ഷേപണ വാഹനം, നിരീക്ഷണം, റിമോട്ട് സെൻസിങ്, ബഹിരാകാശത്തെ പുതിയ സാധ്യതകൾ കണ്ടെത്തൽ, മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ പദ്ധതികൾ, ദേശീയ ബഹിരാകാശ നയം തുടങ്ങിയവക്കായും പ്രത്യേക നയം രൂപവത്കരിക്കേണ്ടതുണ്ടെന്നും ശിവൻ പറഞ്ഞു.
ഉപഗ്രഹ രൂപകൽപന, നിർമാണം എന്നിവക്കു പുറമെ ഇന്ത്യയിലും പുറത്തുമായി സ്വകാര്യ കമ്പനികൾക്ക് സ്വന്തമായി ട്രാക്കിങ് സ്റ്റേഷനുകളും ഉപഗ്രഹ കേന്ദ്രങ്ങളും സ്ഥാപിക്കാം. ഇതിനായി ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും ബഹിരാകാശത്തെ വിഭവങ്ങൾ ഉപയോഗപ്പെടുത്താം. പുതിയ നയം എങ്ങനെയാണ് നടപ്പാക്കേണ്ടതെന്നതിെൻറ മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും വിശദമാക്കിയുള്ള സ്പേയ്കോം എൻ.ജി.പി-2020വും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.