മധ്യപ്രദേശിൽ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി

ഭോപാൽ: മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. രണ്ട് സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയാണ് കഴുത്തറ്റം മണ്ണിട്ട് മൂടിയത്. മധ്യപ്രദേശിലെ റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ ആയിട്ടുണ്ട്.

മമത പാണ്ഡേ, ആഷ പാണ്ഡേ എന്നിവരെയാണ് മണ്ണിട്ട് മൂടിയത്. റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ഇവർ. പ്രതിഷേധം തുടർന്നതോടെ ട്രക്ക് ഡ്രൈവർ മണ്ണ് ഇവരുടെ ദേഹത്തേക്ക് തട്ടുകയായിരുന്നു. കഴുത്തറ്റം മണ്ണിൽ മൂടിയ ഇവരെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായ മമതയും ആഷയും നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേർ ഒളിവിലാണെന്നും അവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.

അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി അത്തരം സംഭവങ്ങൾ തടയുന്നതിൽ ഭരണകൂടത്തിൻ്റെ പരാജയത്തെ വിമർശിച്ച കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി, ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

Tags:    
News Summary - protest against road construction in madhya pradesh women were buried alive with earth up to thier neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.