കെ. ചന്ദ്രശേഖർ റാവു

കെ. ചന്ദ്രശേഖർ റാവുവിന്റെ രാഷ്ട്രീയ നീക്കത്തിന് ജെ.ഡി.എസ് പിന്തുണ

ബംഗളൂരു: തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജെ.ഡി-എസ്. ദേശീയതലത്തിൽ ജനങ്ങളുടെയും കർഷകരുടെയും ശബ്ദമാകാനുള്ള കെ.സി.ആറിന്റെ പരിശ്രമങ്ങൾക്ക് ജെ.ഡി-എസിന്റെ പിന്തുണ വാഗ്ദാനം ചെയ്തതായി പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനും പാർട്ടിയുടെ കർണാടക നിയമസഭ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കി. ഹൈദരാബാദിൽ കെ.സി.ആറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ചക്കുശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ദേശീയ തലത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് കെ.സി.ആർ. അദ്ദേഹം ജെ.ഡി-എസിന്റെ സഹകരണം തേടിയിരുന്നു. ഒരു ചെറിയ പാർട്ടി എന്ന നിലയിൽ തങ്ങളുടെ എല്ലാ സഹകരണവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഞങ്ങൾ മൂന്നുമണിക്കൂറോളം ചർച്ച നടത്തി. മൂന്നാം മുന്നണിയെക്കുറിച്ചായിരുന്നില്ല ചർച്ച. രാജ്യത്തെ ജനങ്ങളും കർഷകരും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കെ.സി.ആറിന് അദ്ദേഹത്തിന്റേതായ ആശയങ്ങളുണ്ട്. അവ എങ്ങനെ ദേശീയ തലത്തിൽ നടപ്പാക്കുമെന്നതിനെ കുറിച്ച് അദ്ദേഹത്തിന്റേതായ ചിന്തയുമുണ്ട്- കുമാരസ്വാമി പറഞ്ഞു.

2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബി.ജെ.പിക്കും കോൺഗ്രസിനും ബദൽ എന്ന നിലയിലാണ് ദേശീയ രാഷ്ട്രീയത്തിൽ കെ.സി.ആറിന്റെ നേതൃത്വത്തിൽ പുതിയ നീക്കം നടക്കുന്നത്. നേരത്തെ, ബംഗളൂരുവിൽ ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ അദ്ദേഹത്തിന്റെ വസതിയിൽ കെ.സി.ആർ സന്ദർശിച്ചിരുന്നു. പിന്നാലെയാണ് കുമാരസ്വാമിയുമായി ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തിയത്. ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി-യു നേതാവുമായ നിതീഷ് കുമാറുമായും കെ.സി.ആർ ചർച്ച നടത്തിയിരുന്നു.

Tags:    
News Summary - JDS supports K.Chandrashekhar Rao's political move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.