മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമീഷണർമാരായ ഗ്യാനേഷ് കുമാർ, എസ്.എസ് സന്ധു എന്നിവർ ശ്രീനഗറിൽ

'ഒരു അട്ടിമറിയും അനുവദിക്കില്ല'; ജമ്മുകശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ശ്രീനഗർ: ജമ്മുകശ്മീരിൽ എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടി അട്ടിമറിക്കാൻ അകത്തോ പുറത്തോ ഉള്ള ഒരു ശക്തികളെയും അനുവദിക്കില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളും സമയബന്ധിതമായി നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ ശക്തമായി വാദിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കായുള്ള ഭരണസംവിധാനത്തിന്റെയും സുരക്ഷാ ഏജൻസികളുടെയും സന്നദ്ധത വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷണർമാരായ ഗ്യാനേഷ് കുമാർ, എസ്.എസ്. സന്ധു ഉൾപ്പെടെയുള്ള  കമിഷന്റെ മൂന്നംഗ സമിതി നിലവിൽ ജമ്മു കശ്മീരിലാണുള്ളത്. സന്ദർശനത്തിന്റെ രണ്ടാം ദിവസം ജമ്മു കശ്മീർ ചീഫ് സെക്രട്ടറി അടൽ ദുല്ലു, പൊലീസ് ഡയറക്ടർ ജനറൽ ആർ.ആർ സ്വെയിൻ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. 

വ്യാഴാഴ്ച ബി.ജെ.പി, കോൺഗ്രസ്, ആപ്, ബി.എസ്.പി, സി.പി.എം, നാഷനൽ കോൺ​ഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ജെ ആൻഡ് കെ നാഷനൽ പാന്തേഴ്സ് പാർട്ടി (ഭീം), ജെ ആൻഡ് കെ പാന്തേഴ്സ് പാർട്ടി (ഇന്ത്യ) തുടങ്ങിയവയുടെ പ്രതിനിധികളുമായാണ് ചർച്ച നടത്തിയിരുന്നു. സെപ്റ്റംബർ 30നകം ​തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അമർനാഥ് തീർഥയാത്രയുടെ പശ്ചാത്തലത്തിൽ സുരക്ഷ സേനയുടെ ലഭ്യത കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക.

ജമ്മു കശ്മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് 2014-ലാണ്. 2018-ൽ നിയമസഭ പിരിച്ചുവിട്ടു. 2019-ൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നുവെങ്കിലും ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രങ്ങളാക്കി വിഭജിക്കാനുള്ള 2019-ലെ  മോദി സർക്കാരിൻ്റെ തീരുമാനത്തെത്തുടർന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ വൈകുകയായിരുന്നു. 

Tags:    
News Summary - J&K Assembly elections: Chief Election Commissioner says EC committed to conducting polls at the earliest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.