ശനിയാഴ്ച്ചയാണ് ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിന്‍റെ ഒറ്റ ഡോസിന് ഇന്ത്യയിൽ ഉപയോഗാനുമതി നൽകിയത്. ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി തേടി യുഎസ് മരുന്നു നിർമാതാക്കൾ വ്യാഴാഴ്ചയാണ് അപേക്ഷ സമർപ്പിച്ചത്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നിലവിൽ വാക്സിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള എമർജൻസി യൂസ് ഓഥറൈസേഷൻ(ഇയുഎ) ലഭിക്കുന്ന അഞ്ചാമത്തെ വാക്‌സിനാണിത്. ആസ്ട്രാ സെനെക്കയുടെ കോവിഷീൽഡ്, കോവാക്‌സിൻ, സ്പുട്‌നിക്, മൊഡേണ എന്നിവയ്ക്കാണ് ഇതിനുമുൻപ് അനുമതി ലഭിച്ചിരുന്നത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
ഇന്ത്യ വാക്‌സിന് ഇയുഎ നൽകിയ വിവരം ജോൺസൻ ആൻഡ് ജോൺസനും പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ 85 ശതമാനം ഫലപ്രാപ്തിയുള്ളതായി ക്ലിനിക്കൽ പരിശോധനകളിൽ തെളിയിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്. ഡെൽറ്റ വകഭേദം അടക്കമുള്ള അനുബന്ധ പ്രശ്‌നങ്ങൾക്കും ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിൻ ഫലപ്രദമാണെന്നാണ് കമ്പനി പറയുന്നത്. ഒരു ഡോസിന്‍റെ വില 25 ഡോളർ അഥവാ 1800 ലേറെ രൂപയാണെന്നാണ് സൂചന.
വിവാദങ്ങൾ
തുടക്കംമുതൽതന്നെ ഒരുപിടി വിവാദങ്ങൾ പിന്തുടരുന്ന വാക്സിനാണ് ജോൺസൺ ആൻഡ് ജോൺസേൻറത്. വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്ന കേസുകൾ വർധിച്ചതിനെ തുടർന്ന് ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ കോവിഡ് വാക്സിനേഷൻ അമേരിക്ക നേരത്തേ നിർത്തിവെച്ചിരുന്നു. ഏപ്രിൽ 13നായിരുന്നു ഇത്. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും സെൻറർ ഫോർ ഡിസീസ് കൺട്രോളും സംയുക്തമായാണ് വാക്‌സിൻ ഉപയോഗം നിർത്താൻ തീരുമാനിച്ചത്.
അമേരിക്കയിൽ വാക്‌സിൻ സ്വീകരിച്ച ആറുപേരിൽ രണ്ടാഴ്ചക്കിടെ രക്തം കട്ടപിടിച്ചത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നായിരുന്നു ഉപയോഗം നിർത്തിയത്. ആറുപേരിൽ ഒരു സ്ത്രീ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. 18നും 48നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകിയിരുന്നത്. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ പ്രകാരം ജോൺസൺ ആൻഡ് ജോൺസൺ വാക്സിന് 66 മുതൽ 76 ശതമാനം വരെയാണ് ഫലപ്രാപ്തിയുള്ളത്. വൈറസിനെതിരെ 72 ശതമാനം പ്രതിരോധം വാക്സിനുണ്ടെന്നാണ് അമേരിക്കയിൽ നടത്തിയ ട്രയലിൽ തെളിഞ്ഞത്.
ഉപയോഗം പുനരാരംഭിക്കുന്നു
നിർത്തിവച്ച് ഒരാഴ്ച്ചക്ക് ശേഷം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഉപയോഗം പുനഃരാരംഭിക്കാൻ അമേരിക്കൻ ആരോഗ്യവകുപ്പ് അധികൃതർ അനുമതി നൽകി. അപൂർവം കേസുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്നാണ് യു.എസ് ആരോഗ്യവകുപ്പ് അധികൃതർ അന്ന് പറഞ്ഞത്. വാക്‌സിന്‍റെ ഉപയോഗം പുനരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
വാക്‌സിൻ സ്വീകരിച്ച 3.9 മില്യൺ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്. പുരുഷൻമാരിൽ ആർക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്തം കട്ടപിടിക്കൽ പ്രശ്നം അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് പറയുന്നത്. ബ്രിട്ടെൻറ അംഗീകാരവും ജോൺസൺ ആൻഡ് ജോൺസെൻറ സിംഗിൾ ഡോസ് വാക്സിന് ലഭിച്ചിരുന്നു. മെഡിസിൻ ആൻറ് ഹെൽത്കെയർ റെഗുലേറ്ററി ഏജൻസി ആണ് വാക്സിന് അംഗീകാരം നൽകിയത്.
വിടാതെ വിവാദങ്ങൾ
സമീപകാലത്ത് നിരവധി വിവാദങ്ങൾ ജോൺസൺ ആൻഡ് ജോൺസനെ വിടാതെ പിന്തുടർന്നിരുന്നു. അർബുദത്തിന് കാരണമാവുമെന്ന ആശങ്കയെ തുടർന്ന് രണ്ട് സൺസ്ക്രീനുകൾ കമ്പനി തിരിച്ചു വിളിച്ചത് അടുത്തിടെയാണ്. ന്യൂട്രോജിന, അവീനോ ബ്രാൻഡുകൾക്ക് കീഴിലുള്ള അരേസോൾ സൺസ്ക്രീനാണ് വിപണിയിൽ നിന്ന് തിരികെ വിളിച്ചത്. ചില സാമ്പിളുകളിൽ അർബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിയുടെ നടപടി.
സാമ്പിളുകളിൽ കുറഞ്ഞ അളവിലുള്ള ബെൻസെനിന്‍റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെൻസെൻ. ഒരു സൺസ്ക്രീനിലും ബെൻസെൻ സാധാരണയായി ഉപയോഗിക്കാറില്ല. മുൻകരുതലിന്‍റെ ഭാഗമായാണ് സൺസ്ക്രീനുകൾ തിരികെ വിളിക്കുന്നതെന്നാണ് കമ്പനി അന്ന് പറഞ്ഞത്. ന്യൂട്രോജെന ബീച്ച് ഡിഫൻസ്, ന്യൂട്രോജെന കൂൾ ഡ്രൈ സ്പോർട്ട്, ന്യൂട്രോജെന ഇൻവിസിബിൾ ഡെയ്ലി ഡിഫൻസ്,ന്യൂട്രോജെന അൾട്ര ഷീർ, അവീനോ പ്രൊട്ടെക്ട് + റീഫ്രഷ് എന്നീ സൺസ്ക്രീനുകളാണ് വിപണിയിൽ നിന്ന് പിൻവലിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.