ന്യൂഡല്‍ഹി: ജഡ്ജി ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ഹരജികള്‍ ബോംബെ ഹൈകോടതിയുടെ പരിഗണനയിലിരിക്കേ സുപ്രീംകോടതിയിലേക്ക് വിളിപ്പിക്കുന്നതിലൂടെ അന്വേഷണ ആവശ്യം എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണുണ്ടാവുക എന്ന മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയുടെ പ്രവചനം ശരിയായി. കേസ് ബോംബെ ഹൈകോടതിയാണ് ആദ്യം കേള്‍ക്കേണ്ടതെന്ന് ദവെയും ഇന്ദിര ജയ്സിങ്ങും വാദിച്ചുവെങ്കിലും സുപ്രീംകോടതി ആ ആവശ്യം തള്ളിയാണ് എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക് മാറ്റിയത്.
ബി.ജെ.പി മഹാരാഷ്ട്ര ഘടകവുമായി ബന്ധപ്പെട്ട ബന്ധുരാജ് സംഭാജി ലോണ്‍ ജഡ്ജി ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയതാണ് എല്ലാ കേസുകളും ഡൽഹിയിലേക്ക് വിളിക്കാൻ വഴിയൊരുങ്ങിയത്. മുമ്പ് കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്ന ആക്ടിവിസ്റ്റായ തഹ്സീന് പുനെവാലയും സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരു ഹരജിയുമായി വന്നു. പുനെവാല തനിക്ക് വേണ്ടി ഹാജരാകാനായി ദുഷ്യന്ത് ദവെയെ സമീപിച്ചപ്പോള്‍ അന്വേഷണ ആവശ്യം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഹരജിയില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടു ഹരജികളും സ്വീകരിച്ച സുപ്രീംകോടതി മഹാരാഷ്ട്ര കോടതികളില്‍ ബോംബെ ലോയേഴ്സ് അസോസിയേഷന്, ജയശ്രീ ലക്ഷ്മണ് റാവു പാട്ടീല്‍, സൂര്യകാന്ത് എന്ന സൂരജ് എന്നിവര്‍ മുമ്പ് ഫയല്‍ ചെയ്ത ഹരജികള്‍കൂടി ഇതിനോട് ചേര്‍ത്ത് വാദം കേള്‍ക്കുകയായിരുന്നു.
ജനുവരി നാലിന് ലോയേഴ്സ് അസോസിയേഷന് ബോംെബ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജി നമ്പറിട്ട് ഫയലില്‍ സ്വീകരിക്കാതിരിക്കുന്നത് അന്വേഷണ ആവശ്യം അട്ടിമറിക്കാനുള്ള നീക്കമാണെന്ന അസോസിയേഷെൻറ സംശയം ബലപ്പെടുത്തുന്നതായിരുന്നു ബന്ധുരാജ് സംഭാജി ലോണിെൻറ അപ്രതീക്ഷിത ഹരജി. ആ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചിട്ടും ബോംബെ ഹൈകോടതി അനങ്ങിയില്ല.
എന്നാൽ, ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നതിനെതിരെ നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍നിന്ന് ഇറങ്ങിപ്പോയി വാര്‍ത്തസമ്മേളനം വിളിച്ചതോടെ ബോംബെ ഹൈകോടതി അന്ന് ഉച്ചക്കുതന്നെ ലോയേഴ്സ് അസോസിയേഷെൻറ ഹരജി ഫയലില്‍ സ്വീകരിച്ച് ജനുവരി 23ന് തീയതി നിശ്ചയിച്ചു. ഹൈകോടതിയിലെ തങ്ങളുടെ കേസ് അട്ടിമറിക്കാനാണ് ബോംബെയിലെ ഈ പത്രപ്രവര്ത്തകന് സുപ്രീംകോടതിയിലെത്തിയതെന്ന് ലോയേഴ്സ് അസോസിയേഷന് വാര്‍ത്തസമ്മേളനം നടത്തി തുറന്നടിച്ചു.
സാധാരണ പൊതുതാല്പര്യ ഹരജികളോട് വിരക്തി കാണിക്കാറുള്ള ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് ഈ കേസില്‍ അസാധാരണമായ താല്പര്യമാണ് കാണിച്ചത്. എല്ലാ മുതിര്‍ന്ന ജഡ്ജിമാരെയും മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലേക്ക് അതിവേഗം കൈമാറി. ബോംബെ ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജിയാണെന്നതോ ജഡ്ജി ലോയയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരല്ല ഹരജിക്കാരെന്നതോ കോടതിക്ക് തടസ്സമായില്ല.
ചീഫ് ജസ്റ്റിസ് ആരോപണവിധേയനായ മെഡിക്കല്‍ കോഴ കേസും നരേന്ദ്ര മോദി ആരോപണവിധേയനായ സഹാറ ബിര്‍ള ഡയറി കേസും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിടാതെ തള്ളിയ മുന്‍ അനുഭവമുള്ളതുകൊണ്ടാണ് ഈ വഴിവിട്ട കളിയില്‍നിന്ന് പിന്മാറണമെന്ന് കൊളീജിയം അംഗങ്ങളായ നാല് പേര് ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടതും പിന്നീട് വാർത്തസമ്മേളനം നടത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.