ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം: കലിഖോ പുലിന്‍െറ ഭാര്യ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രിപദവി നിലനിര്‍ത്താന്‍ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍ കൈക്കൂലി ചോദിച്ചതിലും ഭര്‍ത്താവിന്‍െറ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ആത്മഹത്യ ചെയ്ത അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്‍െറ ഭാര്യ പിന്‍വലിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ കത്ത് പൊതുതാല്‍പര്യ ഹരജിയാക്കി തുറന്ന കോടതിക്ക് വിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പുലിന്‍െറ ഭാര്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കത്ത് പിന്‍വലിക്കാന്‍ അനുമതി തേടിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചണ്ഡിഗഢ് ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ കൂടെ പ്രവര്‍ത്തിച്ച ജഡ്ജി അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കുന്നതിലെ അനൗചിത്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കത്ത് പിന്‍വലിക്കാനും ഹരജിയിലുള്ള നടപടി അവസാനിപ്പിക്കാനും സുപ്രീംകോടതി അനുവാദം നല്‍കി.

പുലിന്‍െറ ആദ്യ ഭാര്യ ദങ്വിംസയ് കത്തയച്ചത് സുപ്രീംകോടതി ആഭ്യന്തരമായി കൈകാര്യം ചെയ്യാനാണെന്നും കോടതി വ്യവഹാരത്തിനല്ളെന്നും അഡ്വ. ദുഷ്യന്ത് ദവെ ബോധിപ്പിച്ചു. സുപ്രീംകോടതിയുടെ ഭരണതല നടപടിക്ക് വേണ്ടിയാണ് എഴുതിയതെന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി രജിസ്ട്രിയില്‍നിന്നും ഭരണപരമായ നടപടിയുണ്ടാകുമെന്ന അറിയിപ്പാണ് തങ്ങള്‍ക്ക് ലഭിച്ചത്. ഇനി കോടതിയില്‍ ഹരജിയാക്കി വാദം കേള്‍ക്കാന്‍ നിര്‍ബന്ധിച്ചാല്‍ തന്‍െറ കക്ഷി സഹകരിക്കില്ളെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. ചണ്ഡിഗഢ് ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്ന ജസ്റ്റിസ് എ.കെ. ഗോയല്‍ ഈ കേസില്‍ വാദം കേള്‍ക്കുന്നത് ശരിയല്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ മറ്റു നിരവധി ക്രിമിനല്‍ ബെഞ്ചുകളുണ്ടായിട്ടും ഈ ബെഞ്ച് തന്നെ ഹരജി  പരിഗണിക്കുന്നതില്‍ അദ്ഭുതമുണ്ടെന്നും ദവെ പറഞ്ഞു.

ചീഫ് ജസ്റ്റിസിന് അയച്ചുകൊടുത്ത മുന്‍ മുഖ്യമന്ത്രിയുടെ ആത്മഹത്യകുറിപ്പിന്‍െറ പകര്‍പ്പ് കഴിഞ്ഞയാഴ്ച ആദ്യഭാര്യ വാര്‍ത്തസമ്മേളനം വിളിച്ച് വിതരണം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന്  അവര്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 19ന് അരുണാചല്‍ മുഖ്യമന്ത്രിയായ കലിഖോ പുലിന് സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പദവി നഷ്ടമായത്. തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിന് ഇറ്റനഗറിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ പുലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുലിന്‍െറ ആത്മഹത്യ കുറിപ്പില്‍ അഴിമതി നടത്തിയതായി പറയുന്ന പെമ ഖണ്ഡുവാണ് ഇപ്പോള്‍ അരുണാചലിലെ ബി.ജെ.പി സര്‍ക്കാറിനെ നയിക്കുന്നത്. പുലിന്‍െറ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന നിയമസഭ മണ്ഡലത്തില്‍ മൂന്നാം ഭാര്യ ദസങ്ളുവിനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കി ബി.ജെ.പി വിജയിപ്പിച്ചെടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി പദം നിലനിര്‍ത്താന്‍ കോടികള്‍ ചോദിച്ചുവെന്ന് പുല്‍
കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് ബി.ജെ.പി പിന്തുണയോടെ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പുലിന്‍െറ സര്‍ക്കാറിനെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കേസില്‍ അനുകൂല വിധിക്ക് 86 കോടി രൂപ ചോദിച്ചുവെന്ന വെളിപ്പെടുത്തല്‍ അടങ്ങുന്ന പുലിന്‍െറ ആത്മഹത്യകുറിപ്പിനൊപ്പമാണ് ആദ്യ ഭാര്യ ദങ്വിംസയ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.

പിന്നീടും ബന്ധപ്പെട്ട ഇടനിലക്കാര്‍ 49 കോടി ആവശ്യപ്പെട്ടുവെന്നും അത് കഴിഞ്ഞ് 37 കോടി ചോദിച്ചെന്നും ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തയാറാക്കിയ 60 പേജ് വരുന്ന കുറിപ്പില്‍ കലിഖോ പുല്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസില്‍നിന്നും മുഴുവന്‍ എം.എല്‍.എമാരുമായി കൂറുമാറി ഇപ്പോള്‍ അരുണാചല്‍ മുഖ്യമന്ത്രിയായ പെമ ഖണ്ഡു അധികാരത്തിലിരുന്ന് വാരിക്കൂട്ടിയ സമ്പത്തിനെ കുറിച്ചും മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നബാം തുകിയുടെ അഴിമതി സംബന്ധിച്ചുമുള്ള വിവരങ്ങളും കുറിപ്പിലുണ്ട്.

Tags:    
News Summary - kalikho pul's wife withdraw her complaint to supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.