കരിപ്പൂർ: മൂന്നാറിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കേ ഇടിത്തീയായി മറ്റൊരു ദുരന്തം കൂടി. കോരിച്ചൊരിയുന്ന മഴക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. യാത്രക്കാരിൽ 10 കുട്ടികളും രണ്ട് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമുണ്ട്.
പൈലറ്റ് ദീപക് ബസന്ത് സാെഠ, സഹ പൈലറ്റ് അഖിലേഷ്, കുന്ദമംഗലം പിലാശ്ശേരി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35), ബാലുശ്ശേരി കോക്കല്ലൂർ ചേരിക്കാപറമ്പിൽ രാജീവൻ (61), പാലക്കാട് മുഹമ്മദ് റിയാസ് (23), തിരൂർ സഹീർ സഈദ് (38), ഹൈമ (നാല്), കോട്ടൂർ നരയംകുളം കുന്നോത്ത് ജാനകി (55), നാദാപുരം മനാൽ അഹമ്മദ് (25), എടപ്പാൾ ലൈലാബി (51),കോഴിക്കോട് നല്ലളം ശാന്ത, വെള്ളിമാട്കുന്ന് നിജാസിെൻറ ഭാര്യ കക്കാട് മഞ്ചറ സാഹിറബാനു (30), ഇവരുടെ ഒരു വയസ്സുള്ള മകൻ അസം മുഹമ്മദ്, മലപ്പുറം വളാഞ്ചേരി സ്വദേശി സുധീർ വാര്യത്ത് (45) എന്നിവരെയാണ് മരിച്ചവരിൽ തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ 110 പേർ ചികിൽസയിലാണ്.
ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. റൺവേ 10ൽ ലാൻഡ് ചെയ്ത വിമാനം തെന്നിമാറി തറയിട്ടാൽ ഭാഗത്ത് 35 അടി താഴ്ചയിലേക്ക് പതിച്ച് പിളരുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വിമാനത്തിന് തീപിടിക്കാതിരുന്നതാണ് വൻ ദുരന്തം ഒഴിവാക്കിയത്.
കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. പൈലറ്റിന് ദൂരക്കാഴ്ച കുറഞ്ഞതിനാൽ ടച്ച് ഡൗൺ പോയൻറ് മാറിയതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. റൺവേ പിന്നിട്ട വിമാനം, റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) 240 മീറ്ററും കടന്നാണ് വൻ താഴ്ചയിലേക്ക് നിലംപതിച്ചത്.
മുപ്പത് വർഷത്തോളം പ്രവർത്തി പരിചയമുള്ളയാളായിരുന്നു പൈലറ്റ് എന്ന് എയർ ഇന്ത്യ അറിയിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പൈലറ്റ് ദീപക് വസന്ത് സാദെ അപകടസ്ഥലത്ത് തന്നെ മരിച്ചു. കടുത്ത മഴ കാരണമാണ് അപകടം എന്നാണ് കരുതുന്നത്. വന്ദേഭാരത് മിഷനിലുള്ള സർവീസാണ് അപകടത്തിൽപെട്ടത്.
രണ്ട് പേരുടെ മൃതദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആണ്. ആറു പേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ്. ക്രസൻറ് ആശുപത്രിയിൽ ആണ് ഒരു മൃതദേഹം. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ മരിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് ബേബി മെമ്മോറിയൽ, കോഴിക്കോട് മിംസ്, കോഴിക്കോട് മെയ്ത്ര, കൊണ്ടോട്ടി ക്രസൻറ് ആശുപത്രി, റിലീഫ് ആശുപത്രി, മലപ്പുറം എം.ബി.എച്ച്, കോട്ടക്കൽ അൽമാസ് തുടങ്ങിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.