ബംഗളൂരു: ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ ഏകദേശം പൂർത്തിയായി. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും മുസ്‍ലിംവിരുദ്ധ നീക്കവുമായി ബി.ജെ.പി സർക്കാർ രംഗത്തെത്തുന്നത്.
അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. തിങ്കാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടു ഗവർണർക്ക് രവികുമാർ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എം.എൽ.എമാരും ബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകി.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി.ജെ.പി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി.കെ ഹരിപ്രസാദ് പറഞ്ഞു. അഴിമതി മറക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്നതിനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുൻനിർത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. സംസ്ഥാനത്ത് ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.