എം. കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി(ഡി.എം.കെ) അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വൈകീട്ട്​ 6.10നായിരുന്നു അന്ത്യം. എന്നാൽ 6.45ഒാടു കൂടിയാണ്​ മരണം സ്ഥിരീകരിച്ചത്. കലൈജ്ഞർ എന്നായിരുന്നു അദ്ദേഹത്തെ തമിഴകം വിളിച്ചിരുന്നത്. അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ കാലയളവിലാണ് കരുണാനിധി തമിഴ്നാട് ഭരിച്ചത്. 

1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ച കരുണാനിധിക്ക് ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.

ചെ​ന്നൈ കാ​വേ​രി ആ​ശു​പ​ത്രി​ക്ക്​ മുന്നിൽ പൊട്ടിക്കരയുന്ന പാർട്ടി പ്രവർത്തക
 

സ്കൂൾ കാലത്ത് നാടകം,കവിത,സാഹിത്യം എന്നിവയിലൊക്കെ തിളങ്ങി. ജസ്റ്റിസ് പാർട്ടി പ്രവർത്തനങ്ങളിലും അതിന്‍റെ മുന്നണി പ്രവർത്തകനായ അഴകിരി സാമിയുടെ പ്രഭാഷണങ്ങളിലും ആകൃഷ്ടനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി.വിദ്യാർഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കാനും ഇളൈഞ്ചർ മറു മലർച്ചി എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനമ മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി.

കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കുടിയരശ്' എന്ന പത്രത്തിൽ പ്രവർത്തിച്ചു. പിന്നീട് 'മുരസൊലി' എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റർ പിക്ചേഴ്സ് അദ്ദേഹത്തെ സമീപിക്കുന്നത്. പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി അദ്ദേഹം പിന്നീട് സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു.

എം.ജിആറിനൊപ്പം കരുണാനിധി
 


അഭിമന്യു എന്ന പുരാണ ചിത്രത്തിനായി സംഭാഷണങ്ങളെഴുതിയെങ്കിലും ചിത്രത്തിൽ പേരുണ്ടായിരുന്നില്ല. നിരാശനായ അദ്ദേഹം തിരുവാരൂരേക്ക് മടങ്ങി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി. സേലം മോഡേൺ തിയേറ്റേഴ്സിനു വേണ്ടി സിനിമാഗാനങ്ങളെഴുതിയിരുന്ന കവി കെ.എം. ഷരീഫിന്‍റെ പരിചയത്തിൽ 1949 ൽ മോഡേൺ തിയേറ്റേഴ്സിൽ പ്രതിമാസം അഞ്ഞൂറ് രൂപ ശമ്പളത്തിൽ ജോലിക്ക് ചേർന്നു. കണ്ണദാസനെ പോലെയുള്ള പ്രതിഭകളുമായി ഇക്കാലത്ത് സൗഹൃദത്തിലായി. മോഡേൺ തിയറ്റേഴ്സ് ഉടമയായിരുന്ന ടി.ആർ. സുന്ദരത്തിന്‍റെ ആഗ്രഹ പ്രകാരം മന്ത്രികുമാരി എന്ന അദ്ദേഹത്തിന്‍റെ നാടകം സിനിമയാക്കിയപ്പോൾ അതിന് തിരക്കഥയും സംഭാഷണവും രചിച്ചു. എല്ലിസ്.ആർ. ഡങ്കണായിരുന്നു സംവിധായകൻ. ജാതി മത ശക്തികളുടെ ശക്തമായ എതിർപ്പിനിടയിലും ചിത്രം പ്രദർശന വിജയം നേടി.

മക്കളായ എം.കെ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവർ ഡി.എം.കെ നേതാക്കളാണ്. സ്റ്റാലിൻ തമിഴ്നാട് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നു. അഴഗിരി കേന്ദ്രമന്ത്രിയും കനിമൊഴി രാജ്യസഭാംഗവുമായിരുന്നു.

Tags:    
News Summary - karunanidhi deis- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.